കനത്ത മഴ തുടരുന്നു; 6 ജില്ലകളിലും ഒരു താലൂക്കിലും വ്യാഴാഴ്ച വിദ്യാഭ്യാസ അവധി

0
50

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ അങ്കണവാടികളും പ്രൊഫഷണൽ കോളേജുകളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പി.എസ്.സി., യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല. നേരത്തെ കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു.

കാസര്‍കോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു.

മഹാത്മാ ഗാന്ധി സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും ഇൻ്റർവ്യൂകൾക്കും മാറ്റം ഉണ്ടാകില്ല.