ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ച ഖത്തർ എയർവേസിന് ഏഴര ലക്ഷം രൂപ പിഴ

0
204

ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ച ഖത്തർ എയർവേസിന് ഏഴര ലക്ഷം രൂപ പിഴ വിധിച്ച് എറണാകുളം ഉപഭോക്തൃ കോടതി. സ്കോട്ട്ലൻഡിലേക്ക് പോകാൻ യാത്ര വിലക്കിയെന്ന് കാട്ടി ഹൈക്കോടതി ജഡ്ജിയായ ബെച്ചു കുര്യൻ തോമസ് നൽകിയ ഹർജിയിലാണ് ഉപഭോക്തൃകോടതിയുടെ ഉത്തരവ്.

2018ൽ ആണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്. ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം സ്കോട്ട്ലൻഡിലേക്ക് പോകാൻ ഖത്തർ എയർവേസിൽ ടിക്കറ്റ് ബുക്ക് ചെയ്തു. കൊച്ചിയിൽനിന്ന് ദോഹയിലേക്കും, അവിടെനിന്ന് എഡിൻബറോയ്ക്കുമായാണ് ഖത്തർ എയർവേസ് ടിക്കറ്റ് നൽകിയത്. എന്നാൽ കൊച്ചിയിൽനിന്ന് ദോഹയിലെത്തിയ ബെച്ചു കുര്യൻ തോമസിനെ എഡിൻബറോയിലേക്കുള്ള യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഓവർ ബുക്കിങ് എന്ന കാരണം പറഞ്ഞാണ് ഖത്തർ എയർവേസ് യാത്ര നിഷേധിച്ചത്.

ഇതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബെച്ചു കുര്യൻ തോമസ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടപരിഹാരമായി വിധിച്ച ഏഴര ലക്ഷം രൂപ 30 ദിവസത്തിനകം നൽകണമെന്നാണ് ഉപഭോക്തൃ കോടതിയുടെ നിർദേശം. അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃകോടതി നിർദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരൻ ജഡ്ജ് ആയതിനാൽ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം കേസിൽ നടത്തിയത്.