തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

0
89

തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. മുമ്പ് ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 17 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡിയിൽ വെച്ച് പുലർച്ചെ രണ്ടു മണിയോടെ നെഞ്ചു വേദന അനുഭവപ്പെട്ട മന്ത്രി കുഴഞ്ഞു വീണു. തുടർന്ന് സെന്തിൽ ബാലാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ സെന്തിൽ ബാലാജിയുടെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ഉൾപ്പെടെ ഇഡി പരിശോധന നടത്തിയിരുന്നു.

2011-15 കാലഘട്ടത്തിൽ, ജെ ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും നിയമനം നൽകുന്നതിന് വിവിധ വ്യക്തികളിൽ നിന്ന് വൻതുക കൈക്കൂലി വാങ്ങിയതായും സെന്തിൽ ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.

ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡിഎംകെയിൽ ചേരുകയായിരുന്നു. ഇപ്പോൾ എംകെ സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി, എക്സൈസ് വകുപ്പു മന്ത്രിയാണ്. സെന്തിൽ ബാലാജിയെ അറസ്റ്റുചെയ്ത ഇഡിയുടെ നടപടി നിയമവിരുദ്ധമാണെന്ന് ഡിഎംകെ ആരോപിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന സെന്തിൽ ബാലാജിയെ കാണാനായി മന്ത്രിമാരായ ഉദയനിധി സ്റ്റാലിൻ, മാ സുബ്രഹ്‌മണ്യൻ തുടങ്ങിയവർ ആശുപത്രിയിലെത്തി.