പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. പുനര്‍ജനി പദ്ധതിക്ക് വിദേശസഹായം സ്വീകരിച്ചു എന്ന പരാതിയിലാണ് നടപടി. എഫ്‌സിആര്‍ഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലന്‍സ് അന്വേഷിക്കുക. കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അന്വേഷണം നടത്തുന്നതില്‍ നിയമോപദേശം ഉള്‍പ്പെടെ തേടിയ ശേഷമാണ് സര്‍ക്കാര്‍ നടപടി.
2018ലെ പ്രളയത്തിന് ശേഷം പുനര്‍ജനി പദ്ധതിയിലൂടെ പറവൂരില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പറവൂര്‍ എംഎല്‍എയായ വി ഡി സതീശന്‍ നടത്തിയിരുന്നു. ഈ പദ്ധതിയ്ക്ക് വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് വിദേശത്തുനിന്നും പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്തുനിന്ന് പണം സ്വീകരിക്കല്‍ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
വി ഡി സതീശന്റെ വിദേശയാത്ര നിയമാനുസൃതമായിരുന്നോ എന്നും വിദേശയാത്രയില്‍ പണപ്പിരിവ് നടത്തിയിരുന്നോ എന്നും പണപ്പിരിവ് നടത്തിയെങ്കില്‍ അതിന്റെ വിനിയോഗം നിയമാനുസൃതമായിരുന്നോ മുതലായ കാര്യങ്ങളാണ് വിജിലന്‍സ് പ്രാഥമികമായി അന്വേഷിക്കുക. ഇതില്‍ സ്‌പെഷ്യല്‍ യൂണിറ്റ് രഹസ്യാന്വേഷണം ഉള്‍പ്പെടെ മുന്‍പ് നടത്തിയിരുന്നെങ്കിലും വിഷയത്തില്‍ നിയമോപദേശം തേടിയ ശേഷമാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.