‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ മുദ്രാവാക്യം മുഴക്കാനൊരുങ്ങി കോൺഗ്രസ്

0
67

കോൺഗ്രസിനെതിരെ വർഷങ്ങളായി ബിജെപി ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ‘കോൺഗ്രസ് മുക്ത ഭാരതം’ എന്നത്. ഇപ്പോള്‍ കർണാടകത്തിലെ വിജയത്തോടെ ഇതിന് ബദൽ മുദ്രാവാക്യം കണ്ടെത്തിയിരിക്കുകയാണ് കോൺഗ്രസ്. ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ എന്ന മുദ്രാവാക്യമാകും ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് ഇനി ഉപയോഗിക്കുക.

ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഭരണമുള്ള ഏക സംസ്ഥാനമാണ് കർണാടക. അവിടെനിന്ന് കൂടി അവരെ പടിയിറക്കുന്നത് കോൺഗ്രസിന് ഊർജമേകുമെന്നാണ് വിലയിരുത്തൽ. ലോക്സഭാ പോരാട്ടത്തിൽ ബിജെപിയെ വീഴ്ത്താൻ ഏറ്റവും ശേഷിയുള്ള പാർട്ടി എന്ന നിലയിൽ പ്രതിപക്ഷ നിരയിൽ നേതൃസ്ഥാനം കൈയടക്കാനും കർണാടക വിജയം കോൺഗ്രസിന് അവസരമൊരുക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രൂപീകരിക്കുന്ന ഐക്യപ്രതിപക്ഷ നിരയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പ്രധാന റോൾ തന്നെ ലഭിക്കാൻ കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. പ്രതിപക്ഷത്തെ നേതൃസ്ഥാനത്ത് രാഹുലിനെ അംഗീകരിക്കാൻ വിമുഖത കാട്ടുന്ന മമത ബാനർജി (തൃണമൂൽ), കെ.ചന്ദ്രശേഖർ റാവു (ബിആർഎസ്) എന്നിവരുടെ മനസ്സുമാറ്റാനും ഇതുവഴി സാധിക്കുമെന്നു പാർട്ടി കണക്കുകൂട്ടുന്നു.

പ്രതിപക്ഷത്ത് രാഹുലിന്റെ സ്ഥാനവും പ്രസക്തിയും ആരും ചോദ്യംചെയ്യുന്നില്ലെന്ന് ഉറപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് കർണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുൻനിരയിൽ തന്നെ രാഹുലിനെ നിർത്തിയത്.