കോഹ്ലി ഗംഭീർ വാക് പോര്; വിമർശനവുമായി സെവാഗ്

0
37

ഐപിഎല്ലിൽ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ മത്സര ശേഷം അരങ്ങേറിയത്. ഇന്ത്യയുടെ രണ്ട് സൂപ്പർ താരങ്ങൾ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. മത്സരം അവസാനിച്ചതിന് പിന്നാലെ ലഖ്‌നൗ ഫാസ്റ്റ് ബൗളർ നവീൻ ഉൾ ഹഖ് ആർസിബി സ്റ്റാർ ബാറ്റ്‌സ്മാൻ വിരാട് കോലിയുമായി തർക്കത്തിലേർപ്പെട്ടു. ഇതാണ് വലിയ വിവാദത്തിന് തുടക്കമിട്ടത്.

സംഗതി ഇവിടെ അവസാനിച്ചില്ല, താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്നതിനിടെ കോലിയും എൽ.എസ്.ജി മെൻറ്റർ ഗൗതം ഗംഭീറും തമ്മിൽ തർക്കം ഉടലെടുത്തു. രൂക്ഷ ഭായിൽ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നതാണ് പിന്നീട് കണ്ടത്. ഇരുവരും തമ്മിലുള്ള തർക്കം കൈയാങ്കളി വരെയെത്തി. ഇരുവരുടെയും മോശം പെരുമാറ്റത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യയുടെ മുൻ വെറ്ററൻ ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

തോറ്റവൻ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവൻ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഭാവിയിൽ ഇത്തരമൊരു സംഭവം ഉണ്ടാകരുതെന്നും, അതിനാൽ ഒരു കളിക്കാരനെ വിലക്കണമെന്നും സെവാഗ് ആവശ്യപ്പെട്ടു. ഇവർ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികൾ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണമെന്നും സെവാഗ് വിമർശിച്ചു. “മത്സരം കഴിഞ്ഞയുടൻ ഞാൻ ടിവി ഓഫ് ചെയ്തു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞിരുന്നില്ല. പിറ്റേന്ന് ഉറക്കമുണർന്നപ്പോൾ സോഷ്യൽ മീഡിയയിലൂടെയാണ് കാര്യങ്ങൾ അറിയുന്നത്.” – സെവാഗ് പറയുന്നു.

“സംഭവിച്ചത് ശരിയായില്ല. തോറ്റവൻ നിശ്ശബ്ദമായി പരാജയം ഏറ്റുവാങ്ങുകയും ജയിച്ചവൻ ആഘോഷിക്കുകയും ചെയ്യണമായിരുന്നു. ഞാൻ എപ്പോഴും ഒരു കാര്യം പറയാറുണ്ട്, ഇക്കൂട്ടർ രാജ്യത്തിന്റെ പ്രതീകങ്ങളാണ്. ലക്ഷക്കണക്കിന് കുട്ടികൾ ഇവരെ പിന്തുടരുണ്ടെന്ന ബോധം വേണം ഉണ്ടാവണം. നിങ്ങൾ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്‌താൽ, ‘എന്റെ ഐക്കൺ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, ഞാനും ചെയ്യും’ എന്ന് കുട്ടികൾ തീരുമാനിക്കും. ഒരാളെ വിലക്കാൻ ബിസിസിഐ തീരുമാനിച്ചാൽ, അത്തരം സംഭവങ്ങൾ അപൂർവ്വമായി സംഭവിക്കാം അല്ലെങ്കിൽ നടക്കില്ല.”- ക്രിക്ക്ബസിൽ സെവാഗ് പറഞ്ഞു.