ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് (മെയ് നാല്) മുഖ്യമന്ത്രി നിര്‍വഹിക്കും

0
80

പി എം എം എസ് വൈ പദ്ധതി വിഭാവന ചെയ്തു പൂര്‍ത്തിയാക്കിയ അഞ്ച് ആഴക്കടല്‍ മത്സ്യ ബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം ഇന്ന് (മെയ് നാല്) വൈകിട്ട് മൂന്നിന് നീണ്ടകരയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ഫിഷറീസ്, മൃഗപരിപാലന വകുപ്പ് മന്ത്രി പര്‍ഷോത്തം രുപാല യാനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും.
ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണമന്ത്രി ജെ ചിഞ്ചുറാണി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ, എം മുകേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മേയര്‍ പ്രസന്ന ഏണസ്റ്റ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരില്‍, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രജിത്ത്, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എസ് ശ്രീനിവാസ്, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

PMMSY മാർഗ്ഗനിർദ്ദേശം അനുസരിച്ച് പദ്ധതി പ്രകാരം യൂണിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. അതിൽ 40% സർക്കാർ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്. എന്നാൽ ഗുണഭോക്തൃ ഗ്രൂപ്പുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ച് വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയർന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സബ്സിഡി കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്തൃ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.

കൊച്ചിൻ ഷിപ്പ്യാർഡിന്റെ കീഴിലുള്ള മാൽപെ യാർഡിൽ ഇതിനകം നിർമ്മാണം പൂർത്തീകരിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത്.