മരണവീട് പോലെയായി ‘ക്ലബ്ഹൗസ്’; രക്ഷയില്ലാതെ പാതിയിലേറെ ജീവനക്കാരെയും പിരിച്ചുവിടുന്നു

0
11

കോവിഡ് ലോക്ഡൗണിന്റെ സമയത്ത് വലിയ തരംഗം സൃഷ്ടിച്ച സോഷ്യല്‍ ഓഡിയോ ആപ്പായ ‘ക്ലബ് ഹൗസിനെ’ ഓര്‍മയില്ലേ…?

ക്ലബ് ഹൗസിലെ ചര്‍ച്ചാ മുറികളില്‍ ഒത്തുകൂടി രാഷ്ട്രീയവും സിനിമയും മതവും സംഗീതവുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഇപ്പോള്‍ ആളുകള്‍ക്ക് താല്‍പര്യമില്ലാതായി. പലരും ആപ്പിനെ കുറിച്ച്‌ തന്നെ മറന്നുതുടങ്ങി. കോവിഡ് മഹാമാരിയൊഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുകയും ചായക്കടകളൊക്കെ സജീവമാവുകയും ചെയ്തതോടെ ക്ലബ്ഹൗസ് മരണവീട് പോലെയായി എന്ന് പറയേണ്ടിവരും.

പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഓഡിയോ ചാറ്റിങ് പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിനെ ആളുകളുടെ കൊഴിഞ്ഞുപോക്ക് കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധിയിലായ കമ്ബനിയിപ്പോള്‍ ജീവനക്കാരെ പിരിച്ചുവിടേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിടാനാണ് ക്ലബ്ഹൗസ് തീരുമാനിച്ചിരിക്കുന്നത്.

ബാധിക്കപ്പെട്ടവര്‍ക്ക് അടുത്ത കുറച്ച്‌ മാസത്തേക്ക് അര്‍ഹമായ ആനുകൂല്യങ്ങളും തുടര്‍ച്ചയായ ആരോഗ്യ പരിരക്ഷയും ലഭിക്കും. അതേസമയം, പിരിച്ചുവിടല്‍ ബാധിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ചോ കമ്ബനിയില്‍ തുടരുന്ന ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചോ പ്രതികരിക്കാന്‍ ക്ലബ്ഹൗസിന്റെ വക്താവ് വിസമ്മതിച്ചു. ക്ലബ്‌ഹൗസില്‍ 100 ഓളം ജീവനക്കാരുണ്ടെന്ന് സ്ഥാപകരിലൊരാളായ ഡേവിസണ്‍ കഴിഞ്ഞ ഒക്ടോബറില്‍ ടെക്‌ക്രഞ്ചിനോട് പറഞ്ഞിരുന്നു.

കമ്ബനി നേരിടുന്ന പ്രതിസന്ധികള്‍ വ്യക്തമാക്കിക്കൊണ്ട് ജീവനക്കാര്‍ക്ക് സ്ഥാപകര്‍ ഒരു സന്ദേശമയച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടിലേക്ക് ആപ്പ് നിര്‍ബന്ധപൂര്‍വം എത്തുകയായിയിരുന്നു എന്നും, ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു മാറ്റം അനിവാര്യമാണെന്നും അവര്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം, ക്ലബ്ഹൗസിലേക്ക് ആളുകളെ എത്തിക്കാനായി ആപ്പില്‍ അടിമുടി മാറ്റം വരുത്താനാണ് സ്ഥാപകര്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ മുഖത്തോടെ ക്ലബ്ഹൗസ് വരുമെന്നും അവര്‍ പറയുന്നു.