എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ 30 വരെ നടക്കും

0
161

എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. 2023 മാർച്ച് 9 ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് 29 ന് അവസാനിക്കും. രാവിലെ 9.30 നാണ് എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിക്കുക. 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.റ്റി പരീക്ഷ 2023 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള ദിവസങ്ങളിലായി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചിട്ടുണ്ട്.

എസ്.എസ്.എല്‍.സി

കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകൾ

2023 മാർച്ച് 29 ന് അവസാനിയ്ക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

ടാബുലേഷൻ

മൂല്യനിർണ്ണയ ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിയ്ക്കും.

റിസൾട്ട് പ്രഖ്യാപനം

ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ റിസൾട്ട് പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഹയർ സെക്കണ്ടറി പരീക്ഷ

ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതുന്നു. 4,42,067 രണ്ടാം വർഷ പരീക്ഷ എഴുതുന്നുണ്ട്. രാവിലെ 9.30 ന് പരീക്ഷ ആരംഭിക്കും. ഹയർ സെക്കണ്ടറി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം (25,000) അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്.

വൊക്കേഷണൽ ഹയർ സെക്കണ്ടറി

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും.
മൊത്തം മുന്നൂറ്റി എൺപത്തിയൊമ്പത് കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി ഇരുപതും രണ്ടാം വർഷത്തിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി നാൽപതും വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അധ്യാപകർ വേണ്ടി വരും. ഏപ്രിൽ 3 മുതൽ മൂല്യനിർണ്ണയ ആരംഭിക്കും.

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാർച്ച് 13 ന് ആരംഭിച്ച് 30 ന് അവസാനിക്കും.