കേന്ദ്രം കേരളത്തിൻറെ കഴുത്തുഞെരിക്കുമ്പോൾ പ്രതിരോധമാണ് കിഫ്ബി – മന്ത്രി മുഹമ്മദ് റിയാസ്

0
24

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കേരളത്തെ കഴുത്തുഞെരിച്ചു കൊലപ്പെടുത്താനുള്ള ശ്രമം കേന്ദ്രബജറ്റിലൂടെയും മറ്റും വീണ്ടുംവീണ്ടും നടത്തുമ്പോഴും കിഫ്ബി ഒരു പ്രതിരോധമാണെന്നുള്ള പ്രഖ്യാപനമാണ് കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ നടക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിന്റെ 36 പദ്ധതികൾക്കായി 3414.16 കോടി രൂപയാണ് കഴിഞ്ഞ ദിവസം കിഫ്ബി അനുവദിച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലയോര ഹൈവേ വികസനത്തിന് ഭാഗമായി 9 പദ്ധതികൾക്കായി 582.82 കോടി രൂപയും തീരദേശ ഹൈവേ വികസനത്തിന് നാല് പദ്ധതികളുടെ സ്ഥലമേറ്റെടുപ്പിനായി 139.90 കോടി രൂപയും ആലുവ പെരുമ്പാവൂർ റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 262.75 കോടി രൂപയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പ്രധാനപ്പെട്ട ജംഗ്ഷനുകളുടെ വികസനത്തിന് അഞ്ച് ഇടങ്ങളിൽ സ്ഥലമേറ്റെടുപ്പിനായി 20.55 കോടി രൂപയും ബാലരാമപുരം അടിപ്പാത ഉൾപ്പെടുന്ന കൊടിനട – വഴിമുക്ക് റോഡിന്റെ സ്ഥലമേറ്റെടുപ്പിനായി 113.90 കോടി രൂപയും കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി പാക്കേജിൽ ഉൾപ്പെടുന്ന മൂന്ന് റോഡ് പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കുന്നതിന് 1979.47 കോടി രൂപയും കൊട്ടാരക്കര ബൈപാസിന്റെ സ്ഥലമേറ്റെടുപ്പിന് 110.36 കോടി രൂപയും മണക്കാട് – ആറ്റുകാൽ ക്ഷേത്രം റോഡിന്റെ സ്ഥലമേറ്റെടുപ്പിന് 52.99 കോടി രൂപയുമാണ് അനുവദിച്ചതിനു പുറമേ കോവളത്തിന്റെയും അനുബന്ധ ബീച്ചുകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് 89.09 കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി പറഞ്ഞു.

പേരാവൂർ നിയോജകമണ്ഡലത്തിലെ റോഡുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് സണ്ണി ജോസഫ് എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പേരാവൂർ മണ്ഡലം ഉൾപ്പെടുന്ന മേഖലയ്ക്കായി 1048.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. സഭയിലുള്ള എല്ലാവരും കിഫ്ബിയെ സ്നേഹിക്കുന്നവരാണെന്നും കിഫ്ബി പണം അനുവദിക്കുന്നത് എല്ലാ എംഎൽഎമാർക്കും സന്തോഷമുള്ള കാര്യമാണെന്നും മന്ത്രി റിയാസ് പറഞ്ഞു.