സാമൂഹ്യമാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽനിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറിനിൽക്കരുത് – മന്ത്രി കെ രാധാകൃഷ്ണൻ

0
75

സാമൂഹ്യമാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽനിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറിനിൽക്കരുതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാന യൂത്ത് ആൻഡ്‌ മോഡൽ പാർലമെന്റ് മത്സരവിജയികൾക്ക് സമ്മാനം നൽകുകയായിരുന്നു അദ്ദേഹം. 1996ൽ ആദ്യമായി താൻ സഭയിലെത്തിയത്‌ ഇ കെ നായനാർ മന്ത്രിസഭയിലെ അംഗമായിട്ടായിരുന്നുവെന്നത്‌ അദ്ദേഹം ഓർത്തെടുത്തു. അന്ന്‌ ഇരുന്ന സീറ്റിൽ തന്റെ പേര്‌ കൊത്തിവച്ചിരിക്കുന്നത്‌ മന്ത്രി പി പ്രസാദിനും മത്സരാർഥികൾക്കും കാണിച്ചുകൊടുത്തത്‌ കൗതുകമായി.

മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. മന്ത്രി പി പ്രസാദ്‌ സംസാരിച്ചു. സ്‌കൂൾ വിഭാഗത്തിൽ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി ഒന്നാമതെത്തി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്എസ്, കോഴിച്ചാൽ ഗവ. എച്ച്‌എസ്‌എസ്‌, അടൂർ ഗവ. ബോയ്‌സ് എച്ച്‌എസ്‌എസ്‌, നടുവണ്ണൂർ ഗവ. ഹൈസ്‌കൂൾ എന്നിവ രണ്ടുമുതൽ അഞ്ചുവരെ സ്ഥാനം നേടി. കോളേജ് വിഭാഗത്തിൽ മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ ഒന്നാമതായി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, കോട്ടയം ബസേലിയോസ്, എറണാകുളം മഹാരാജാസ്, തൃശൂർ കേരളവർമ എന്നിവർക്കാണ്‌ അഞ്ചുവരെ സ്ഥാനം.

സ്‌കൂൾതലത്തിൽ ബെസ്റ്റ് കോ–-ഓർഡിനേറ്ററായി ചേർത്തല ഗവ. ഗേൾസ് എച്ച്‌എസ്‌എസിലെ സോനാ ജോണും കോളേജ് തലത്തിൽ മലപ്പുറം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷനിലെ വി മുഹമ്മദ് മുസ്തഫയും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ വിഭാഗത്തിൽ ജാക്വലിനും (സെന്റ് മേരീസ് ജിഎച്ച്എസ് കാഞ്ഞിരപ്പള്ളി), കോളേജ് വിഭാഗത്തിൽ ഡോ. ബിജു തോമസും (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്) രണ്ടാം സ്ഥാനം നേടി.

വിജയികൾക്ക് ട്രോഫിയും മെമന്റോയും ക്യാഷ് പ്രൈസും മന്ത്രിമാർ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമുകളുടെ പുനരവതരണവും പഴയ നിയമസഭാ ഹാളിൽ നടന്നു.