കാവിയണിഞ്ഞ് 24 ന്യൂസ്. മുട്ടിലിഴഞ്ഞ് ശ്രീകണ്ഠന്‍ നായര്‍

0
45

നിഷ്പക്ഷത നടിക്കുന്ന 24 ന്യൂസിന്‍റെ മോഡി പ്രീതിയുടെ പുറംപൂച്ച് പുറത്തായി. ഗുജറാത്ത് കലാപവുമായി ബന്ധപെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കുള്ള പങ്ക് വ്യക്തമാക്കികൊണ്ട് ‘ഇന്ത്യ- ദ മോഡി ക്വസ്റ്റ്യന്‍ എന്ന പേരില്‍ ബിബിസി പുറത്തുവിട്ട ഡോക്യുമെന്‍ററിയായിരുന്നു രാജ്യവ്യാപക ചര്‍ച്ചാ വിഷയം. ദേശിയ മാധ്യമങ്ങളടക്കം ഈ വിഷയമാണ് ഇന്നലെ ചര്‍ച്ചയ്ക്കായി തെരഞ്ഞെടുത്തതും. ശ്രീകണ്ഠന്‍ നായര്‍ നയിക്കുന്ന 24 ചാനലും ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്ന് തീരുമാനിച്ചിരുന്നു. പാനലിസ്റ്റുകളായി നിശ്ചയിച്ച ആളുകളെ ചര്‍ച്ചയ്ക്ക് ലഭിക്കാനായി ബന്ധപ്പെട്ടവരെ വിഷയം അറിയിക്കുകയും ചെയ്തു. ഇതു പ്രകാരം സിപിഐ എം പ്രതിനിധിക്കായി എകെജി സെന്‍ററില്‍ 24 ന്യൂസിന്‍റെ ചാനല്‍ കോ- ഓര്‍ഡിനേറ്റര്‍ ബന്ധപ്പെട്ടതനുസരിച്ച് രാജ്യസഭാ അംഗം എഎ റഹീം അഥിതിയായി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. പിന്നീട് ചാനല്‍ കോ- ഓര്‍ഡിനേറ്റര്‍ എഎ റഹീമിനോട് വാട്സാപ്പില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് എവിടെയാണ് ക്യാമറ സംഘത്തെ അയക്കേണ്ടത് എന്ന് ആരാഞ്ഞു. ഡിവൈഎഫ്ഐ ഓഫീസില്‍ ഉണ്ടാകുമെന്നും 8.30ന് അവിടെ ക്യാമറ സംഘത്തെ അയക്കാമെന്നും അറിയിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് സമയമായപ്പോള്‍ വിഷയം ബിബിസി ഡോക്യുമെന്‍ററി അല്ല എന്നും മറ്റൊരു വിഷയമാണെന്നും അറിയിക്കുകയുണ്ടായി. ഇതെ തുടര്‍ന്ന് എഎ റഹീം എന്തുകൊണ്ടാണ് നിശ്ചയിച്ച ചര്‍ച്ച ചാനല്‍ മാറ്റിയത് എന്ന് യുക്തിസഹമായ വിശദീകരണം നല്‍കണമെന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട ഒരു രാജ്യസഭാംഗം കൃത്യമായി ചോദിച്ച വിഷയത്തില്‍ അതിനു മറുപടി പറയുന്നതിനു പകരം സത്യത്തെ മൂടിവച്ചുകൊണ്ട് എഎ റഹീമിനെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി സ്വന്തം ജാള്യം മറയ്ക്കാനാണ് 24 ന്യൂസ് മേധാവി
ശ്രീകണ്ഠന്‍ നായര്‍ ശ്രമിച്ചത്. പ്രേക്ഷകരില്‍ തെറ്റിദ്ധാരണ പരത്തും വിധം വസ്തുതയെ മറച്ചുവച്ചുകൊണ്ട് നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണ്.

ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം കൂടി വന്നതിനുശേഷം മാത്രമേ തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യൂ എന്നാണ് 24 ന്യൂസിന്‍റെ നിലപാട് എന്നണ് ശ്രീകണ്ഠന്‍ നായരുടെ ഗീര്‍വാണം. രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ഡോക്യുമെന്‍ററിയുടെ ഒന്നാം ഭാഗത്തെ അടിസ്ഥാനമാക്കി സംവാദങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുമ്പോള്‍ 24 ന്യൂസിന്‍റെ ഈ ഒളിച്ചോട്ടം താടിയുള്ള അപ്പനോടുള്ള പേടികൊണ്ടല്ല മറിച്ച് പ്രീതികൊണ്ടാണെന്ന് വ്യക്തമാണ്. രണ്ടാം ഭാഗം കൂടി വന്നതിനുശേഷം മാത്രമേ ചര്‍ച്ചയുളളു എന്ന് പറയുന്നവര്‍ എന്തിനാണ് പിന്നെ ഒന്നാം ഭാഗവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയത്. ശ്രീകണ്ഠന്‍ നായരുടെ ന്യായീകരണം അനുസരിച്ച് രണ്ടാം ഭാഗം കൂടി വന്നതിനുശേഷം വാര്‍ത്ത നല്‍കിയാല്‍ പോരായിരുന്നോ? അപ്പോള്‍ ഒരു കാര്യം വ്യക്തമാണ് ബിബിസി ഡോക്യുമെന്‍ററിയെ മോഡിയും ബിജെപിയും എത്രമാത്രം ഭയക്കുന്നുവോ അത്രമാത്രം വിധേയത്വം 24 ന്യൂസിനും ഈ വിഷയത്തില്‍ ഉണ്ട് എന്നതാണ്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി തുടര്‍ച്ചയായി 24 ന്യൂസ് ചര്‍ച്ചയ്ക്കായി തെരഞ്ഞെടുക്കുന്ന വിഷയം കൂടി പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്യും. എല്ലാ കാലത്തും പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല എന്ന് ഓര്‍ക്കുന്നത് നന്ന്. മുണ്ടുടുത്തുവന്ന് മാധ്യമ ധാര്‍മികത വിളമ്പുന്നത് പണ്ടേപോലെ ഫലിക്കില്ല എന്ന് കൂടി 24 ന്യൂസ് മേധാവി ഓര്‍ക്കുന്നത് നന്നായിരിക്കും.