കാര്യവട്ടം എന്നും ഇന്ത്യക്കൊപ്പം; ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കുറിച്ച് ഇന്ത്യ

0
136

ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിയ വെച്ച് നടന്ന പരമ്പരയിലെ അവസാന മത്സരത്തിൽ 317 റൺസിനാണ് ഇന്ത്യയെ സന്ദർശകരായ ശ്രീലങ്കയെ തകർത്തത്. ജയത്തോടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കുകയും ചെയ്തു. 2009ൽ ന്യൂസിലാൻഡ് ഐർലൻഡിനെതിരെ കുറിച്ച 290 റൺസെന്ന റെക്കോർഡാണ് ഇന്ത്യ കാര്യവട്ടത്ത് വച്ച് മറികടന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെയും ശുബ്മാൻ ഗില്ലിന്റെ സെഞ്ചുറിയുടെ മികവിൽ 390 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റങ്ങിന് ഇറങ്ങിയ ലങ്കയ്ക്ക് തങ്ങളുടെ സ്കോർ ബോർഡ് മൂന്നക്കത്തിലേക്ക് ഉയർത്തുവാൻ പോലും സാധിച്ചില്ല. സന്ദർശകർ 73 റൺസിന് പുറത്താകുകയായിരുന്നു.

ഓപ്പണർ ശുബ്മാൻ ഗില്ലിന്റെയും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യ ലങ്കയ്ക്കെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. എന്നാൽ 391 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ലങ്കയ്ക്ക് ഇന്ത്യൻ പേസ് നിരയുടെ മുന്നിൽ അടിപതറുകയായിരുന്നു. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടിയാണ് ലങ്ക നിരയുടെ വേര് അടിമുടി ഇളക്കിയത്. ലങ്കൻ ഇന്നിങ്സിൽ ആകെ എറിഞ്ഞത് 22 ഓവറുകൾ മാത്രമാണ്.

ഗില്ലിന്റെ ഏകദിന കരിയറിലെ രണ്ടാമത്തെ സെഞ്ചുറി. ഗിൽ തന്റെ വ്യക്തിഗത സ്കോർ മൂന്നക്കം പിന്നിട്ടപ്പോൾ പിറന്നത് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യ സെഞ്ചുറിയായിരുന്നു. 89 പന്തിലാണ് ഗിൽ തന്റെ ഏകദിന കരിയറിലെ രണ്ടാം സെഞ്ചുറി നേടുന്നത്. 116 റൺസെടുത്ത താരത്തെ ലങ്കൻ താരം പുറത്താക്കുകയായിരുന്നു.

വീണ്ടും ചരിത്രം കുറിച്ചുകൊണ്ടാണ് വിരാട് കോലി തന്റെ കരിയറിലെ 74-ാം സെഞ്ചുറി കുറിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഇന്ത്യ മണ്ണിൽ സ്വന്തമാക്കിയ 20 സെഞ്ചുറി നേട്ടമാണ് കോലി കാര്യവട്ടത്ത് വെച്ച് മറികടന്നത്. 85 പന്തിൽ പത്ത് ഫോറുകളും ഒരു സിക്സറിന്റെ അകമ്പടിയോടെയാണ് കോലിയുടെ സെഞ്ചുറി നേട്ടം. 110 പന്തിൽ എട്ട് സിക്സറുകളും 13 ഫോറുകളുമായി താരം പുറത്താകതെ നിന്നു. ഏകദിന കരിയറിലെ കോലിയുടെ 46-ാം സെഞ്ചുറി നേട്ടമാണിത്. സച്ചിനുമായി ഇനി മൂന്ന് സെഞ്ചുറിയുടെ വ്യാത്യാസം മാത്രമെ കോലിക്കുള്ളൂ.