നേപ്പാൾ വിമാനാപകടം: പ്രാർത്ഥനകൾ വിഫലം, എല്ലാവരും മരിച്ചു, നാളെ ദേശീയ ദുഃഖാചരണം

0
35

നേപ്പാളിലെ പൊഖറയിൽ യാത്രാവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ എല്ലാവരും മരിച്ചതായി വിവരം. 68 പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ 11 പേർ അന്താരാഷ്ട്ര സന്ദർശകരും അവരിൽ മൂന്ന് പേർ കൈക്കുഞ്ഞുങ്ങളുമാണെന്ന് പാസഞ്ചർ മാനിഫെസ്റ്റ് കാണിക്കുന്നു. മരണപ്പെട്ടവരിൽ അഞ്ച് ഇന്ത്യക്കാരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ.

വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളിൽ ഒരു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ പൊതു അവധിയാണ്. അന്വേഷണത്തിനായി അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 53 നേപ്പാളികൾ, നാല് റഷ്യക്കാർ, ഒരു ഐറിഷ് പൗരൻ, രണ്ട് കൊറിയക്കാർ, ഒരു അർജന്റീനക്കാരൻ, ഒരു ഫ്രഞ്ച് പൗരൻ എന്നിവരാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നതെന്ന് എയർപോർട്ട് അതോറിറ്റി അധികൃതർ പറഞ്ഞു.

കഠ്മണ്ഡുവിൽ നിന്നും 72 പേരുമായി പൊഖറയിലേക്ക് എത്തിയ വിമാനം ലാൻഡ് ചെയ്യുന്നതിന് മുൻപ് സെത്തീ നദീ തീരത്ത് തകർന്ന് വീഴുകയായിരുന്നു. ബ്ലാക്ക്ബോക്സിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്ത ശേഷമേ തകർച്ചയുടെ കാരണം വ്യക്തമാകൂ. ചൈനീസ് സഹായത്തോടെ നിർമ്മിച്ച നേപ്പാളിലെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ പുതിയ വിമാനത്താവളം 2023 ജനുവരി ഒന്നിനാണ് ഉദ്ഘാടനം ചെയ്യുന്നത്.