ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20 ഇന്ന്; ജയിക്കുന്നവർക്ക് പരമ്പര

0
56

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ഇന്ന് (ജനുവരി 07) രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ നടക്കും. ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ട് റൺസിന് ത്രസിപ്പിക്കുന്ന ജയം നേടിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ തിരിച്ചടിച്ച ലങ്ക 16 റൺസിന് ജയിച്ചതോടെ ഇന്നത്തെ മത്സരം നിർണായകമായി. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക.

ബാറ്റിംഗിൽ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം നൽകുന്നതിൽ ടോപ് ഓർഡർ പരാജയപ്പെട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓപ്പണർ ഗിൽ ഫോമിലേക്ക് ഉയരാത്തത് ടീമിന് തലവേദനയാണ്. സഞ്ജു സാംസണിന് പരിക്കേറ്റതിനെ തുടർന്ന് ടീമിലെത്തിയ രാഹുൽ ത്രിപാതി ഇന്ന് കളിക്കുമോയെന്ന് അറിയില്ല. ഋതുരാജ് ഗെയ്ക്ക്വാദ് അവസരം കാത്തിരിക്കുന്നതിനാൽ അന്തിമ ഇലവൻ വന്നാലേ ഇക്കാര്യം വ്യക്തമാവൂ.

അതേസമയം, രണ്ടാം ടി20 മത്സരത്തിൽ യുവ ഫാസ്റ്റ് ബൗളർമാരുടെ മോശം പ്രകടനമാണ് തോൽവിക്ക് പ്രധാന കാരണം. പരിക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയ ഇടംകൈയ്യൻ ഫാസ്‌റ്റ് ബൗളർ അർഷദീപ് സിംഗ് തന്റെ രണ്ടോവറിൽ അഞ്ച് നോബോളുകളാണ് എറിഞ്ഞത്. അതിനാൽ തന്നെ ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയ്ക്ക് സ്‌പിന്നർമാരെ കൂടുതലായി ആശ്രയിക്കേണ്ട നിലയാണുള്ളത്. എങ്കിലും ഇന്നത്തെ മത്സരത്തിൽ യുവതാരങ്ങളുടെ തിരിച്ചുവരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, അക്ഷര് പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ.

ശ്രീലങ്കയുടെ സാധ്യതാ ഇലവൻ: പാത്തും നിശങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), ധനഞ്ജയ ഡി സിൽവ, ചാരിത് അസ്‌ലങ്ക, ഭാനുക രജപക്‌സെ, ദസുൻ ഷനക (ക്യാപ്റ്റൻ), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹേഷ് തീഷ്‌ണ, കസുൻ രജിത, ദിൽഷൻ മധുശങ്ക.