ജാ​ഗ്രതയിൽ രാജ്യം; കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം കുത്തനെ കൂടി

0
167

വിദേശ രാജ്യങ്ങളിലുൾപ്പെടെ കോവിഡ് വ്യാപനം വീണ്ടും ശക്തിപ്പെടുമ്പോൾ ഇന്ത്യ കടുത്ത ജാ​ഗ്രതയിലാണ്. രോ​ഗ വ്യപനത്തോടെ കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതായാണ് റിപ്പോർട്ട്. മിക്ക ന​ഗരങ്ങളിലും പത്ത് ഇരട്ടി വരെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയർന്നത്. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങി. പരിശോധനയ്ക്ക് വിധേയരാകേണ്ടവരെ എയർലൈനുകൾ തിരഞ്ഞെടുക്കും. കോവിഡ് പോസിറ്റീവായ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കിയിരിക്കുന്നത്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കി. രോഗലക്ഷണമോ കോവിഡ് -19 പോസിറ്റീവോ ആണെങ്കിൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ആശുപത്രികളിൽ കോവിഡ് മോക്ഡ്രിൽ നടത്താൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേർക്കും എന്നാണ് വിവരം.