ഉദ്ഘാടനത്തിന് തയ്യാറായി കൊച്ചി വാട്ടർമെട്രോ

0
39

കൊച്ചി പുതിയ കാഴ്ചകൾ കാണാൻ പോകുകയാണ്. കൊച്ചിക്കായലിൻ്റെ ഓളപ്പരപ്പിലൂടെ ഇനിമുതൽ ലോകനിലവാരമുള്ള ബോട്ടുകളോടും. മാത്രമല്ല മെട്രോ റെയിൽവേ സ്റ്റേഷന് സമാനമായ ജെട്ടികളിലാകും ബോട്ടുകൾ അടുക്കുന്നത്. അവിടെയാണ് യാത്രക്കാർക്ക് കാത്തിരിക്കുവാനുള്ളത്. ഒരുപക്ഷേ ഇന്ത്യയിലൊരിടത്തും ഇത്തരത്തിലൊരു കാഴ്ചകാണാനാകില്ല. പറഞ്ഞുവരുന്നത് കൊച്ചി വാട്ടർ മെട്രോയെക്കുറിച്ചാണ്.

ഒരുപക്ഷേ വാട്ടർ മെട്രോ ടെർമി​നൽ കണ്ടാൽ ചിലപ്പോൾ കഴ്ചക്കാർക്ക് അതൊരു എയർപോർട്ട് ടെർമി​നലായി തോന്നിയേക്കാം. ബോട്ടുകൾ ഹൈബ്രിഡാണ്. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടുന്നവയാണ് ഈ ബോട്ടുകൾ. മാത്രമല്ല ബോട്ടിനകം എസിയാണ്. യാത്രക്കാർക്കായി ബോട്ടിൻ്റെ വാതിലുകൾ തനി​യെ തുറക്കും. എൻജി​ന് ശബ്ദമി​ല്ല. ഇരട്ട ഹള്ളായതി​നാൽ ഓളത്തിൽ ഉലയി​ല്ലെന്ന പ്രത്യേകതയുമുണ്ട്. ബമാട്ടിനു ചുറ്റം ചില്ല് ജനലുകൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കായൽ ഭംഗി ആവോളം ആസ്വദിച്ച് യാത്രചെയ്യാമെന്നുള്ളതും മെച്ചം. ഏകദേശം എട്ടുകോടിയോളം രൂപ ചിലവിട്ടാണ് ബോട്ട് വെള്ളത്തിലിറങ്ങുന്നത്.

യാത്രയ്ക്കുമുണ്ട് പ്രത്യേകത. ക്യൂ ആർ കോഡുള്ള ടി​ക്കറ്റോ കൊച്ചി വൺ കാർഡോ ഉപയോഗി​ച്ചാൽ മാത്രമേ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു. മെട്രോയ്ക്കും വാട്ടർമെട്രോയ്ക്കും ഒരുമി​ച്ച് ടി​ക്കറ്റെടുക്കാമെന്ന പ്രത്യേകതയുമുണ്ട്. ബോട്ടിനുള്ളിൽ നൂറ് പേരായാൽ പിന്നെ ബോട്ടിനകത്തേക്ക് കയറാനുള്ള എൻട്രി​ പോയി​ൻ്റ് തുറക്കി​ല്ല. ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടവും ഒരേ നി​രപ്പി​ലാണ് സ്ഥിതി ചെയ്യുന്നത്. അതായത് യാത്രക്കാർക്ക് ചാടി​ക്കയറുകയും ചാടിയിറങ്ങുകയും വേണ്ട. കുഞ്ഞുങ്ങൾക്കുൾപ്പെടെ 110 ലൈഫ് ജാക്കറ്റുകൾ ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.

വാട്ടർമെട്രോയ്ക്ക് ഉപയോഗിക്കുന്ന ബോട്ട് ഇന്ത്യയിൽ ആദ്യമായാണ് എത്തുന്നത്. കൊച്ചി​ കപ്പൽശാലയാണ് ഇന്ത്യയി​ലെ ആദ്യ അലുമി​നി​യം യാത്രാ ബോട്ടുകൾ നി​ർമ്മി​ച്ചത്. ഏഴി​മല, വി​ഴി​ഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസി​രി​സ് എന്നി​ങ്ങ​നെയാണ് ബോട്ടുകളുടെ പേരുകൾ. ഈ ബോട്ടുകൾ ഓരോ മണി​ക്കൂറിലും ചാർജ് ചെയ്യണം. 10-15 മി​നി​റ്റ് കൊണ്ട് ബോട്ടുകൾ ചാർജ്ജാകും. ഇന്ത്യയി​ലെ ഏറ്റവും മി​കച്ച സൂപ്പർചാർജിംഗ് സ്റ്റേഷനുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. പത്ത് ടെർമി​നലുകളി​ലും ചാർജ്ജിംഗ് പോയിൻ്റുകളുണ്ടാകും. 50 സീറ്റുകളാണ് ബോട്ടിനുള്ളിലുള്ളത്. അതേസമയം 100 പേർക്ക് ബോട്ടിൽ സഞ്ചരിക്കാം. ഓരോ ബോട്ടിലും മൂന്ന് ജീവനക്കാർ വീതമുണ്ടാകും. 7.6 കോടിയാണ് ഒരു ബോട്ടി​ൻ്റെ വി​ല. വാട്ടർമെട്രോ പൂർണതോതി​ലാകുമ്പോൾ 23 വലി​യ ബോട്ടുകളും 55 ചെറി​യ ബോട്ടുകളുമുണ്ടാകും.

ബോട്ടിൻ്റെ യാത്രാ റൂട്ട് അൽപ്പം മാറിയാൽ അപ്പോൾത്തന്നെ സന്ദേശമെത്തും. വെെറ്റിലയിലാണ് ബോട്ടുകളുടെ കൺട്രോൾ റൂമുകൾ സ്ഥിതിചെയ്യുന്നത്. ബോട്ടുകളി​ൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങി​യ സംവി​ധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതി 2019 ഡി​സംബറി​ൽ പൂർത്തിയാകേണ്ടതായി​രുന്നു. എന്നാൽ കോവിഡ് വഴിമുടക്കുകയായിരുന്നു. 743 കോടി​ രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാകുന്നത്. 76 കി​ലോമീറ്റർ നീളുന്ന 15 റൂട്ടുകളും 10 ദ്വീപുകളിലുൾപ്പെടെ 38 ടെർമി​നലുകളുമുണ്ട്. ഇതിൽ അഞ്ചെണ്ണം പൂർത്തി​യായി​. നാലെണ്ണം അന്തി​മഘട്ടത്തി​ലാണ്.

കൊച്ചി വാട്ടർമെട്രോ ഉദ്ഘാടനത്തി​ന് തയ്യാറായി​ട്ട് മാസങ്ങളായി​. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഡേറ്റ് സംബന്ധിച്ച് തീരുമാനമാകാത്തതിനാലാണ് ഉദ്ഘാടനം നീണ്ടുപോകുന്നത്. ബോട്ടുകളും അഞ്ച് ടെർമി​നലുകളും ജീവനക്കാരും ട്രയലുകൾ കഴി​ഞ്ഞ് ഉദ്ഘാടനത്തിന് റെഡിയായി നിൽക്കുകയാണ്. ഉദ്ഘടാനം ഉടനുണ്ടാകുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.