കോവിഡില്‍ വിറങ്ങലിച്ച് ചൈന; മരുന്നില്ല, ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു

0
42

സീറോ കോവിഡ് നയം പിന്‍വലിച്ചതിന് പിന്നാലെ ചൈനയില്‍ കൊറോണ വീണ്ടും അതിഭീകരമായ രൂപം കൈക്കൊണ്ടിരിക്കുകയാണ്. നിലവില്‍, ചൈനയില്‍ റെക്കോര്‍ഡ് കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആശുപത്രികള്‍ക്ക് പുറത്ത് നീണ്ട ക്യൂ രൂപപ്പെടുന്ന സ്ഥിതിയാണ് എങ്ങും. രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമല്ല. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്. ചൈനയില്‍ സാഹചര്യങ്ങള്‍ അതിരൂക്ഷമായി തുടരുന്നത് ഇന്ത്യയേയും ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തെ, ചൈനയില്‍ കോവിഡ് പിടിമുറുക്കിയതിനു ശേഷമാണ് വൈറസ് ബാധ മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിച്ചത്.

ആശുപത്രിയില്‍ രോഗികള്‍ക്ക് കിടക്കാന്‍ സ്ഥലമില്ലാത്ത സ്ഥിതിയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നില്ല, പല രോഗികള്‍ക്കും ആവശ്യമായ മരുന്നുകള്‍ പോലും ലഭിക്കുന്നില്ല. ചൈനയുടെ വടക്ക് മുതല്‍ തെക്ക് വരെ വ്യാപിച്ചുകിടക്കുന്ന നഗരങ്ങളില്‍ കൊറോണ വ്യാപനം വന്‍തോതില്‍ വര്‍ധിക്കുന്നതായാണ് വിവരം.

ചൈനയിലെ സ്ഥിതിഗതികള്‍ അനുദിനം മോശമായി വരികയാണ്. ഡോക്ടര്‍മാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും കുറവ് ആരോഗ്യമേഖലയെ സാരമായി ബാധിച്ചിരിക്കുന്നു. മരുന്നുകളുടെ ക്ഷാമംകൂടി ആയതോടെ പ്രതിസന്ധി രൂക്ഷമായി. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ മരിക്കുന്നു. ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ക്കായി ബന്ധുക്കളുടെ കാത്തിരിപ്പുകള്‍ കാണാം. അതേസമയം, 2023ല്‍ ചൈനയില്‍ കൊറോണ വ്യാപനം അതിരൂക്ഷമായി മാറിയേക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇവിടെ മരിക്കാമെന്നും മുന്നറിയിപ്പുകളിലുണ്ട്.

ചൈനയുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സിയാന്‍ നഗരത്തിലെ സബ്വേകള്‍ ഇപ്പോള്‍ ശൂന്യമാണ്. അതുപോലെ, രാജ്യത്തിന്റെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായിലും തിരക്ക് കുറവാണ്. ക്രിസ്തുമസ്-പുതുവര്‍ഷ ആഘോഷങ്ങളോടനുബന്ധിച്ച് വളരെ വലിയ തിരക്ക് അനുഭവപ്പെടേണ്ട സമയമാണ് ഇതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇവിടെ ഉത്സവാന്തരീക്ഷമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ജനം ഭീതിയിലാണ്. ചൈനയിലെ ചെങ്ഡുവിലും റോഡുകള്‍ വിജനമാണ്. ആശുപത്രികളിലും ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന സ്ഥിതിയാണ് നിലവില്‍.

കഴിഞ്ഞ 7 ദിവസത്തിനിടെ ലോകത്താകമാനം 36,32,109 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാനില്‍ മാത്രം 10,55,578 കേസുകള്‍ കണ്ടെത്തി. അതേ സമയം, ദക്ഷിണ കൊറിയയില്‍ 4,60,766, ഫ്രാന്‍സില്‍ 3,84,184, ബ്രസീലില്‍ 2,84,200, അമേരിക്കയില്‍ 2,72,075, ജര്‍മ്മനിയില്‍ 2,23,227, ഹോങ്കോങ്ങില്‍ 1,08,577, ചൈനയുടെ അയല്‍രാജ്യമായ തായ്വാനില്‍ 1,07,381 കേസുകളും കൊറോണ മൂലമുള്ളവയാണെന്ന് കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ 140 പേരും ഫ്രാന്‍സില്‍ 178 പേരും ജര്‍മ്മനിയില്‍ 161 പേരും ബ്രസീലില്‍ 140 പേരും ജപ്പാനില്‍ 180 പേരും കൊറോണ ബാധിച്ച് മരിച്ചു.

നാശം വിതയ്ക്കുന്ന ഒമിക്രോണിന്റെ ഉപ വകഭേദത്തിന് വാക്സിനെ പോലും മറികടക്കാനാകും. ഇക്കാരണത്താലാണ്, ചൈനയിലെ സ്ഥിതി കൂടുതല്‍ സ്ഫോടനാത്മകമായി തുടരുന്നത്. ചൈനയില്‍ പ്രായമായ ജനസംഖ്യയില്‍, പലര്‍ക്കും കൊറോണ വാക്‌സിന്‍ ലഭിച്ചിട്ടില്ല. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറയുന്നതനുസരിച്ച്, ഇതുവരെ 60 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 87% പേര്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. എന്നാല്‍, 80 വയസ്സിന് മുകളിലുള്ള പ്രായമായവരില്‍ 66.4% പേര്‍ മാത്രമേ വാക്‌സിന്‍ എടുത്തിട്ടുള്ളൂ.

ചൈനയിലെ ഭൂരിഭാഗം ആളുകള്‍ക്കും കൊറോണയെ ചെറുക്കാനുള്ള പ്രതിരോധശേഷി ഇല്ല എന്നതാണ് ഏറ്റവും വലിയ കാര്യം. സീറോ കൊവിഡ് നയം കാരണം ഇവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാത്തതാണ് ഇതിന് കാരണം. ഒരിക്കല്‍ പോലും രോഗം ബാധിക്കാത്ത തരത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അത്തരമൊരു സാഹചര്യത്തില്‍, കൊറോണയ്ക്കെതിരായ പ്രതിരോധശേഷി ജനങ്ങളുടെ ശരീരത്തില്‍ ഇല്ല എന്നുവേണം അനുമാനിക്കാന്‍.

തുടക്കം മുതല്‍ കൊറോണയ്‌ക്കെതിരെ വളരെ ആക്രമണാത്മക നയം പിന്തുടര്‍ന്നു വന്ന രാജ്യമാണ് ചൈന. സീറോ കോവിഡ് നയം ഷീ ജിങ്ങ് പിംഗ് ദീര്‍ഘകാലം രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തി. ഇക്കാരണത്താല്‍, മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേസുകള്‍ കുറവായിരുന്നു. പക്ഷേ, രാജ്യത്തെ സ്ഥിതി കാര്യമായി മെച്ചപ്പെട്ടില്ല. ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങി. ചൈനീസ് സര്‍ക്കാരിനെതിരെ റോഡില്‍ പ്രതിഷേധം ആരംഭിച്ചു. ആ പ്രകടനം കാരണം ചൈനയ്ക്ക് വീണ്ടും നയങ്ങളില്‍ പല മാറ്റങ്ങളും വരുത്തേണ്ടതായി വന്നു. സീറോ കോവിഡ് നയത്തിലും ഇളവ് വരുത്തി. അതിന്റെ ഫലമായി ചൈനയില്‍ ഇപ്പോള്‍ റെക്കോര്‍ഡ് കൊറോണ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.