എയിംസ് ഡാറ്റ വീണ്ടെടുത്തു, സേവനങ്ങൾ പുനഃസ്ഥാപിച്ചു

0
65

എയിംസിലെ സർവറിനെതിരെ നടന്ന സൈബർ ആക്രമണം രണ്ട് ആഴ്‌ച പിന്നിടുമ്പോൾ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രം. ആക്രമണം ബാധിക്കാത്ത ബാക്കപ്പ് സർവറിൽ നിന്നും ഡാറ്റകൾ മുഴുവൻ വീണ്ടെടുത്തതായും, സേവനങ്ങൾ പുനഃസ്ഥാപിച്ചതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ ലോക്‌സഭയിൽ അറിയിച്ചു.

സൈബർ ആക്രമണമാണെന്ന് സൂചിപ്പിക്കുന്ന സന്ദേശം സെർവറിൽ നിന്ന് കണ്ടെത്തിയെങ്കിലും ഹാക്കർമാർ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സൈബർ ആക്രമണം സംബന്ധിച്ച് ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പരാതിയിൽ ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ (എൻഐസി) ഇ-ഹോസ്‌പിറ്റൽ ആപ്ലിക്കേഷൻ ഹോസ്‌റ്റ് ചെയ്‌ത ഡൽഹി എയിംസിന്റെ അഞ്ച് ഫിസിക്കൽ സെർവറുകളെയാണ് ആക്രമണം ബാധിച്ചത്. എന്നാൽ ഇ-ഹോസ്‌പിറ്റലിനായുള്ള എല്ലാ ഡാറ്റയും ഒരു ബാക്കപ്പ് സെർവറിൽ നിന്ന് വീണ്ടെടുത്തുവെന്നും ശേഷം അവ ആക്രമണം ബാധിക്കപ്പെടാത്ത പുതിയ സെർവറുകളിൽ പുനഃസ്ഥാപിച്ചുവെന്നും അവർ അറിയിച്ചു.

“രോഗികളുടെ രജിസ്ട്രേഷൻ, അപ്പോയിന്റ്മെന്റ്, അഡ്‌മിഷൻ, ഡിസ്‌ചാർജ് തുടങ്ങിയ ഇ-ഹോസ്‌പിറ്റൽ ആപ്ലിക്കേഷനുകളുടെ മിക്ക പ്രവർത്തനങ്ങളും സൈബർ ആക്രമണം നടന്ന് രണ്ടാഴ്‌ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ചു” മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നു.