ജോധ്പൂര്‍ സിലിണ്ടര്‍ സ്ഫോടനം: മരിച്ചവരുടെ എണ്ണം 18 ആയി

0
46

തിങ്കളാഴ്ച ആറ് പേര്‍ കൂടി മരണപ്പെട്ടതോടെ രാജസ്ഥാനിലെ ജോധ്പൂരിലെ ഗ്രാമത്തിലുണ്ടായ സിലിണ്ടര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. ഒരു വിവാഹ ചടങ്ങിനിടെ വീടിന് തീപിടിച്ച് 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപകടത്തില്‍ മരിച്ചവരില്‍ ഒമ്പത് പേര്‍ കുട്ടികളും എട്ട് പേര്‍ സ്ത്രീകളുമാണെന്ന് ജോധ്പൂര്‍ ജില്ലാ റൂറല്‍ പോലീസ് സൂപ്രണ്ട് അനില്‍ കായല്‍ പറഞ്ഞു. മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്, 34 പേര്‍ ചികിത്സയില്‍ തുടരുകയാണ്. തിങ്കളാഴ്ച മരിച്ചവരില്‍ വരന്റെ അമ്മയുമുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് മഹാത്മാഗാന്ധി ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിക്കുകയും രോഗികളുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തു.

ഷേര്‍ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മീണ കന്‍വാര്‍ തിങ്കളാഴ്ച ഭുങ്ഗ്ര ഗ്രാമത്തിലെ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നല്‍കണമെന്ന് അവര്‍ പറഞ്ഞു. പോലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഭവ സ്ഥലം പരിശോധിച്ചു.

ഈ അപകടത്തില്‍ മൃതദേഹം ജോധ്പൂരില്‍ നിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ യൂണിയന്‍ സൗജന്യ ആംബുലന്‍സ് നല്‍കുന്നുണ്ടെന്ന് ജോധ്പൂര്‍ ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് മുകേഷ് പറഞ്ഞു.