കാലതാമസമില്ലാതെ പി.എസ്.സി റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കും; മുഖ്യമന്ത്രി പിണറായി

0
36

വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന്റെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി, കാലതാമസമില്ലാതെ റാങ്ക് പട്ടികകൾ പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് പബ്ലിക് സർവ്വീസ് കമ്മീഷൻ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി. നിയമസഭയിൽ ഷാഫി പറമ്പിലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൂടുതൽ അപേക്ഷകരുള്ള തസ്തികകൾക്ക് 2021 മുതൽ പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും നടത്തിവരുകയാണ്. പ്രധാനമായും ഏഴാംക്ലാസ് മുതൽ പത്താം ക്ലാസ് വരെയും, പ്ലസ്ടു തലം വരെയും, ഡിഗ്രി തലം വരെയും തിരിച്ചാണ് പ്രാഥമിക പരീക്ഷകൾ നടത്തുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന പരാതികൾ പരിശോധിച്ച് പരിഹരിക്കാൻ വിദഗ്ധസമിതി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പ്രാഥമിക പരീക്ഷകൾക്കും ബാധകമാണ്.

കൂടുതൽ അപേക്ഷകരുള്ള തസ്തികകളിലേക്ക് ഒരു ഘട്ടമായി പരീക്ഷ നടത്തുന്നത് അസാധ്യമാകുന്ന സന്ദർഭങ്ങളിൽ ജില്ലതിരിച്ച് വിവിധ തീയതികളിലായാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാനുള്ള അവസരവും ഇതിലൂടെ ലഭിക്കും. പരീക്ഷ കമ്മീഷൻ രൂപീകരിച്ചിട്ടുള്ള വിദഗ്ധസമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ മാർക്ക് ക്രമീകരണം നടത്തിയാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കാറുണ്ട്. ഷോർട്ട്ലിസ്റ്റ്/റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുമ്പോൾ സംവരണ വിഭാഗങ്ങളുടെ ചട്ടപ്രകാരമുള്ള പ്രാതിനിധ്യം പി.എസ്.സി ഉറപ്പുവരുത്തുന്നുണ്ട്. റാങ്ക് ലിസ്റ്റുകൾ കാലതാമസം വരുത്താതെ പ്രസിദ്ധീകരിക്കുന്നതിനും ഈ പരീക്ഷാ സമ്പ്രദായം സഹായകരമാണ്.

പൊതു പ്രാഥമിക പരീക്ഷകളിൽ ഉൾപ്പെടുത്തിയിട്ടുള്ള തസ്തികകളുടെ എണ്ണം, പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥി കളുടെ എണ്ണം, മുൻ റാങ്ക് പട്ടികയിലെ നിയമന ശുപാർശകളുടെ എണ്ണം, തിരഞ്ഞെടുപ്പ് നിർദ്ദേശം സമർപ്പിക്കുന്നതുവരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം, എൻ.ജെ.ഡി, എൻ.സി.എ ഒഴിവുകൾ, എസ്.സി/എസ്.ടി വിഭാഗങ്ങൾക്കുള്ള എൻ.സി.എ കോമ്പൻസേഷൻ, മുൻ റാങ്ക് പട്ടികയിൽ നിന്നും നികത്താൻ കഴിയാത്ത ഭിന്നശേഷി വിഭാഗത്തിലെ ടേണുകളുടെ എണ്ണം മുതലായ പരിഗണിച്ചാണ് സാധ്യതാ പട്ടിക/ചുരുക്കപ്പട്ടികയിലെ ഉദ്യോഗാർത്ഥികളുടെ എണ്ണം നിശ്ചയിക്കുന്നത്.

ഒരേ യോഗ്യത അടിസ്ഥാനമാക്കി വിവിധ തസ്തികകളിൽ നിയമനം നടത്തേണ്ട സാഹചര്യമുണ്ട്. അത്തരം പരീക്ഷകൾ ഓരോന്നിലും ഉദ്യോഗാർത്ഥികൾ പ്രത്യേകം പ്രത്യേകം അപേക്ഷ നൽകുന്നുമുണ്ട്. ഇതുമൂലം ഓരോ തസ്തികകളിലെ നിയമനത്തിനും വലിയ എണ്ണം ഉദ്യോഗാർത്ഥികൾക്കായി ആവർത്തിച്ച് പരീക്ഷ നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് സമയ നഷ്ടത്തിനും റാങ്ക് ലിസ്റ്റുകൾ തയ്യാറാക്കുന്നതിനും വലിയ കാലതാമസത്തിനും കാരണമാകും.

പരീക്ഷ നടത്തുമ്പോൾ അപേക്ഷകരിൽ ഗണ്യമായ എണ്ണം പേർ പരീക്ഷയ്ക്ക് ഹാജരാകാത്ത സ്ഥിതിയുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പൊതുവായ യോഗ്യതയുള്ള തസ്തികകൾക്കായി പ്രാഥമിക പരീക്ഷകൾ നടത്തുന്നത്. പ്രാഥമിക പരീക്ഷയ്ക്കുശേഷം ഓരോ തസ്തികയ്ക്കുമായി മുഖ്യപരീക്ഷകളും നടത്തുന്നുണ്ട്. ആയതിനാൽ ഉദ്യോഗാർത്ഥികൾക്ക് എന്തെങ്കിലും തരത്തിലുള്ള അവസരനഷ്ടം ഉണ്ടാകുന്നില്ല എന്നുമാത്രമല്ല റാങ്ക് ലിസ്റ്റുകൾ സമയബന്ധിതമായി തയ്യാറാക്കുന്നതിനും കഴിയും.

ഇത്തരത്തിലുള്ള പരീക്ഷാനടത്തിപ്പ് രണ്ടുതവണ പി.എസ്.സി വിജയകരമായി പരാതികൾക്കിടയില്ലാത്തവിധം നടത്തിക്കഴിഞ്ഞു. ഇതുസംബന്ധിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പരാതികളൊന്നും പി.എസ്.സിക്ക് ലഭിച്ചിട്ടില്ലായെന്നും അറിയിച്ചിട്ടുണ്ട്. സുതാര്യ മായി നടത്തുന്ന തിരഞ്ഞെടുപ്പ് നടപടികളിൽ ഉദ്യോഗാർത്ഥികൾക്ക് യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.