ടുണീഷ്യ-ഫ്രാൻസ്‌ മത്സരത്തിനിടെ പലസ്‌തീൻ പതാകയുമായി ആരാധകൻ ഗ്രൗണ്ടിൽ

0
90

ബുധനാഴ്‌ച ടുണീഷ്യയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ടുണീഷ്യൻ ആരാധകൻ പലസ്‌തീൻ പതാകയുമായി ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. “പലസ്‌തീൻ, പലസ്‌തീൻ!” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇയാൾ പിച്ചിലേക്ക് ഓടിയെത്തിയത്. തുടർന്ന് ഒരു ഡസനോളം വരുന്ന സുരക്ഷാ ജീവനക്കാർ ചേർന്ന് ഇയാളെ ഗ്രൗണ്ടിൽ നിന്നും പിടിച്ചു മാറ്റുകയായിരുന്നു.

സ്‌റ്റേഡിയത്തിന്റെ കോമ്പൗണ്ടിനുള്ളിൽ പച്ച, വെള്ള, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള പലസ്‌തീൻ പതാകയുമായി നിരവധി ആരാധകർ ഉണ്ടായിരുന്നു. കളിക്കിടെ അവർ ഇത് ഉയർത്തിപിടിച്ച് ആർപ്പ് വിളിച്ചു. കളിക്കിടെ പലസ്‌തീനെ സ്വതന്ത്രമാക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള പതാകയും ആരാധകർ നിരവധി തവണ ഉയർത്തി.

അതേസമയം, ഇന്നലെ നടന്ന മത്സരത്തിൽ ടുണീഷ്യ ഫ്രാൻസിനെ ഒരു ഗോളിന് അട്ടിമറിച്ചിരുന്നു. എന്നാൽ ഡെന്മാർക്കിനെ തകർത്ത് ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായി യോഗ്യത നേടിയതോടെ ട്യുണീഷ്യയുടെ പ്രതീക്ഷകൾ അസ്‌തമിക്കുകയായിരുന്നു.