മൂന്നാം ഏകദിനം മഴമുടക്കി; പരമ്പര ന്യൂസിലൻഡിന് സ്വന്തം

0
36

ബുധനാഴ്‌ച ക്രൈസ്‌റ്റ് ചർച്ചിൽ നടന്ന മൂന്നാമത്തെയും, അവസാനത്തെയും മത്സരം മഴ ഉപേക്ഷിച്ചതിനെ തുടർന്ന് ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര ന്യൂസിലൻഡ് 1-0ന് സ്വന്തമാക്കി. ആതിഥേയരായ ന്യൂസിലൻഡ് ഉയർത്തിയ 220 റൺസ് പിന്തുടരുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 104 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. ഡെവൺ കോൺവെയും (പുറത്താകാതെ 38) ക്യാപ്റ്റൻ കെയ്ൻ വില്യംസണുമാണ് ക്രീസിൽ ഉണ്ടായിരുന്നത്.

17ആം ഓവറിൽ 97 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് തകർത്ത് ന്യൂസിലൻഡ് ഓപ്പണർ ഫിൻ അലനെ 57 റൺസിന് പുറത്താക്കിയ ഉമ്രാൻ മാലിക് മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്. മഴയെത്തുമ്പോൾ ബ്ലാക്ക് ന്യൂസിലൻഡ് ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 50 റൺസ് മുന്നിലായിരുന്നു, പക്ഷേ മത്സരം പൂർത്തിയാകാൻ കുറഞ്ഞത് 20 ഓവർ കളി ആവശ്യമായതിനാൽ ഉപേക്ഷിക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ കിവീസ് ബൗളർമാരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ഇന്ത്യ 220 റൺസിന് പുറത്താവുകയായിരുന്നു. 51 റൺസ് നേടിയ വാഷിംഗ്‌ടൺ സുന്ദർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ശ്രേയസ് അയ്യർ 49 റൺസ് നേടിയപ്പോൾ ബാക്കിയുള്ള ബാറ്റർമാർ പൊരുതി നോക്കിയെങ്കിലും ന്യൂസിലൻഡിന്റെ അച്ചടക്കമുള്ള ബൗളിംഗ് പ്രകടനത്തിന് ഇരയായി.

ശുഭ്മാൻ ഗില്ലിനെയും (13) ശിഖർ ധവാനെയും (28) പുറത്താക്കിയ ആദം മിൽനെ (3/57) ഇന്ത്യൻ ടോപ് ഓർഡറിനെ തകർത്തു. സൂര്യകുമാറിനെയും മിൽനെ തന്നെയാണ് പുറത്താക്കിയത്. പത്ത് റൺസ് മാത്രം നേടിയ പന്ത് ഇന്നും നിരാശപ്പെടുത്തി. ദീപക് ഹൂഡയ്ക്കും തിളങ്ങാനായില്ല. കിവീസിന്റെ അഞ്ചാം ബൗളറായ ഡാരിൽ മിച്ചലും മൂന്ന് വിക്കറ്റ് നേടി (3/25). ടിം സൗത്തി രണ്ട് വിക്കറ്റ് വീഴ്‌ത്തി.