യുറുഗ്വേയെ തോൽപ്പിച്ച് പ്രീ ക്വാർട്ടർ ഉറപ്പാക്കി പോർച്ചു​ഗൽ

0
119

ഖത്തർ ലോകകപ്പിൽ യുറുഗ്വേയെ തോൽപ്പിച്ച് പോർച്ചു​ഗൽ പ്രീ ക്വാർട്ടർ ഉറപ്പാക്കി. ബ്രൂണോ ഫെർണാണ്ടസ് നേടിയ ഇരട്ടഗോളുകളിലാണ് പോർച്ചുഗൽ വിജയവും പ്രീക്വാർട്ടർ ബർത്തും സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം 54–ാം മിനിറ്റിലാണ് ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിനായി ആദ്യ ലക്ഷ്യം കണ്ടത്. പിന്നാലെ അവസാന നിമിഷം വന്ന പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ പോർച്ചു​ഗലിന്റെ വിജയം ഉറപ്പിച്ചു. യുറുഗ്വേയ്ക്ക് അവസാന മത്സരം ഇതോടെ നിർണായകമായി. പോർച്ചു​ഗൽ ഈ വിജയത്തോടെ ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.

ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിന് തലവച്ച് ഗോൾ നേടിയത് റൊണാൾഡോയാണെന്നായിരുന്നു ആദ്യ വിശദീകരണമെങ്കിലും, പന്ത് റൊണാൾഡോയുടെ തലയിൽ സ്പർശിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ, ഗോൾ ബ്രൂണോ ഫെർണാണ്ടസിന്റെ പേരിലാവുകയായിരുന്നു.

പോർച്ചു​ഗീസ് ആക്രമണവും യുറുഗ്വേ പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ​ഗ്രൂപ്പ് എച്ചിൽ നടന്നത്. മത്സരത്തിന്റെ ഗതിക്കെതിരായി 32–ാം മിനിറ്റിൽ യുറുഗ്വേയ്‌ക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചിരുന്നു. ഗോൾകീപ്പർ ഡീഗോ കോസ്റ്റ മാത്രം മുന്നിൽ നിൽക്കെ റോഡ്രിഗോ ബെന്റാകറിന് പന്ത് വലയിലെത്തിക്കാനായില്ല. മൈതാനമധ്യത്തിലൂടെ യുറുഗ്വേ നടത്തിയ മുന്നേറ്റത്തിൽ നിന്നായിരുന്നു ഗോളിന്റെ വക്കോളമെത്തിയ നീക്കത്തിന്റെ തുടക്കം. പന്തു ലഭിച്ച മത്തിയാസ് വെച്ചീനോ അത് ബെന്റാകറിന് നീട്ടിനൽകി. പോർച്ചുഗീസ് പ്രതിരോധം നെടുകെ പിളർത്തി മൂന്ന് പ്രതിരോധനിരക്കാർക്കിടയിലൂടെ ബോക്സിനുള്ളിൽ കടന്ന ബെന്റാകറിന്, ഫൈനൽ ടച്ചിൽ കാലിടറി. നിരങ്ങിയെത്തിയ ഗോൾകീപ്പർ ഡീഗോ കോസ്റ്റ പന്ത് ഒരുവിധത്തിൽ പിടിച്ചെടുത്തു.

ഇതിനിടെ ആദ്യപകുതിയിൽ മികച്ച കളി കെട്ടഴിച്ച മധ്യനിര താരം ന്യൂനോ മെൻഡസ് പരുക്കേറ്റ് കയറിയത് പോർച്ചുഗലിന് തിരിച്ചടിയായി. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മെൻഡസ് പുറത്തായതോടെ, റാഫേൽ ഗ്വറെയ്റോയാണ് പകരം കളത്തിൽ ഇറങ്ങിയത്.