ശ്രദ്ധയെ കൊന്നതിൽ പശ്ചാത്താപമില്ല, തൂക്കിലേറ്റുന്നത് സ്വീകാര്യം, അഫ്താബിന്‍റെ വെളിപ്പെടുത്തലില്‍ ഞെട്ടി ഉദ്യോഗസ്ഥര്‍

0
32

രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ കൊലപാതകത്തില്‍ തെളിവുകള്‍ കണ്ടെത്തുന്ന തിരക്കിലാണ് ഡല്‍ഹി പോലീസ്. അതിനായി ഇപ്പോള്‍ കൊലപാതകി അഫ്താബിനെ പോളിഗ്രാഫ്, നാര്‍ക്കോ ടെസ്റ്റിന് വിധേയമാക്കുകയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളിലായി പോളിഗ്രാഫ് ടെസ്റ്റ്‌ നടക്കുകയാണ്. ഇതിനുശേഷം മാത്രമേ നാര്‍ക്കോ ടെസ്റ്റ്‌ നടക്കുകയുള്ളൂ. ഈ അവസരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ശ്രദ്ധയുടെ കൊലപാതകത്തില്‍ തനിക്ക് പശ്ചാത്താപമില്ല എന്നും തൂക്കിലെറ്റുന്നതും സ്വീകാര്യമാണ് എന്നാണ് അഫ്താബ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശ്രദ്ധയുടെ കൊലപാതകത്തിന് തൂങ്ങിമരിച്ചാലും ഖേദിമില്ല എന്നാണ് പോളിഗ്രാഫ് പരിശോധനയ്ക്കിടെ അഫ്താബ് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

ഇത് മാത്രമല്ല, ശ്രദ്ധയെക്കൂടാതെ, 20 ലധികം ഹിന്ദു പെൺകുട്ടികളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായും അഫ്താബ് വെളിപ്പെടുത്തി. അഫ്താബ് പോലീസിന് നൽകിയ മൊഴിയിലൂടെ അയാളുടെ ഭ്രാന്തന്‍ മനോഭാവമാണ് വെളിവാക്കുന്നത്.

ബംബിൾ ആപ്പിൽ ഹിന്ദു പെൺകുട്ടികളെ മാത്രം തിരഞ്ഞെടുത്ത് കുടുക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ അഫ്താബ് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം ഒരു സൈക്യാട്രിസ്റ്റ് ആയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചു, ആ പെണ്‍കുട്ടിയും ഒരു ഹിന്ദു ആയിരുന്നു. ആദ്യ കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രദ്ധയുടെ മോതിരം അണിയിച്ചാണ് അവളുമായി പ്രണയാഭ്യര്‍ത്ഥന നടത്തിയത്. കൂടാതെ നിരവധി ഹിന്ദു പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായി ഇയാള്‍ സമ്മതിച്ചിരുന്നു.

ശ്രദ്ധയുടെ കൊലപാതകം സംബന്ധിക്കുന്ന ഹൃദയഭേദകമായ ഒരു രഹസ്യംകൂടി അയാള്‍ വെളിപ്പെടുത്തി. അതായത്, കൊലപാതകത്തിന് ശേഷം, ശ്രദ്ധയുടെ മുടി മുറിയ്ക്കുകയും മുറി വൃത്തിയാക്കുകയും ചെയ്തു. അതിനുശേഷമാണ് മറ്റൊരു പെണ്‍കുട്ടിയെ കൊണ്ടുവരുന്നതും ശ്രദ്ധയുടെ മോതിരം അണിയിയ്ക്കുന്നതും, ഇയാള്‍ വെളിപ്പെടുത്തി. ഈ മോതിരം ഡല്‍ഹി പോലീസ് കണ്ടെടുത്തിരുന്നു. ഈ മോതിരം ശ്രദ്ധയുടെ പിതാവ് സമ്മാനിച്ചതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രദ്ധയുടെ അച്ഛന്‍റെയും മോതിരം നൽകിയ പെൺകുട്ടിയുടെയും മൊഴി ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അഫ്താബ് തന്നെ മുറിയിലേക്ക് ക്ഷണിക്കുകയും തന്നോട് സംസാരിക്കുകയും ചെയ്യുമ്പോള്‍ തികച്ചും സാധാരണമായി പെരുമാറിയിരുന്നു എന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അഫ്താബിന്‍റെ പെരുമാറ്റത്തില്‍ യാതൊരു സംശയവും തോന്നിയിരുന്നില്ല എന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.

അന്വേഷണത്തിനിടെ വെളിപ്പെടുന്ന സംഭവങ്ങള്‍ അഫ്താബ് എത്ര ക്രൂരനും നികൃഷ്ടനുമാണ് എന്നാണ് വ്യക്തമാക്കുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയതും, കൊലപാതകത്തിനു ശേഷം ബുദ്ധിപൂര്‍വ്വം തെളിവുകൾ ഒന്നൊന്നായി നശിപ്പിച്ചതും കൗശലത്തോടെയുള്ള പെരുമാറ്റവും അയാളുടെ മനസ് എത്ര ക്രൂരമായി പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ തെളിവാണ്.

അഫ്താബിന്‍റെ ഫോൺ, ക്യാമറ, ലാപ്‌ടോപ്പ് എന്നിവയുൾപ്പെടെയുള്ള ഗാഡ്‌ജെറ്റുകളുടെ വിശകലനം നടക്കുകയാണ്. പ്രാഥമിക റിപ്പോർട്ടിൽ ചില രേഖകളും ചിത്രങ്ങളും ചാറ്റുകളും ഇയാള്‍ ഇല്ലാതാക്കിയതായി വെളിപ്പെട്ടിട്ടുണ്ട്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

തിങ്കളാഴ്ച വൈകുന്നേരം ശ്രദ്ധയുടെ അച്ഛനും ബന്ധുവും മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടു. ഇതിനിടെ പിതാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, ഡല്‍ഹി പോലീസ് തെളിവുകള്‍ കണ്ടെടുക്കുന്ന തിരക്കിലാണ്. അതായത്, അഫ്താബ് മൃതദേഹം വെട്ടി നുറുക്കിയ ആയുധം പോലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്‌. അഫ്താബിന്‍റെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ച് കത്തികൾ അടുത്തിടെ അന്വേഷണ സംഘം കണ്ടെടുത്ത് ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. നിലവില്‍ അഫ്താബ് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.