വെയ്ൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയിൽ അവസാനിച്ചു

0
49

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ വെയ്ൽസ് -യുഎസ്എ പോരാട്ടം ആവേശസമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ആദ്യ പകുതിയിൽ 36-ാം മിനിറ്റിൽ തിമോത്തി വിയയുടെ ഗോളിൽ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയിൽ 80-ാം മിനിറ്റിൽ ക്യാപ്റ്റൻ ഗാരെത് ബെയ്‌ലിൻറെ പെനൽറ്റി ഗോളിലാണ് വെയ്ൽസ് സമനിലയിൽ(1-1) തളച്ചത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച യുഎസിൻറെ വേഗത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ വെയ്ൽസ് പതറിയപ്പോൾ ആദ്യ പകുതിയിൽ യുഎസിനായിരുന്നു സമ്പൂർണാധിപത്യം. എന്നിടും ആദ്യ അരമണിക്കൂർ ഗോൾ വഴങ്ങാതെ പിടിച്ചു നിൽക്കാൻ വെയ്ൽസിനായി. എന്നാൽ 36-ാം മിനിറ്റിൽ തിമോത്തി വിയയിലൂടെ യുഎസ് മുന്നിലെത്തി. മധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ക്രിസ്റ്റ്യൻ പുലിസിച്ച് നൽകിയ മനോഹര പാസിൽ തിമോത്തി വിയയുടെ ക്ലിനിക്കൽ ഫിനിഷിംഗ് കൂടിയായപ്പോൾ യുഎസ് ഒരടി മുന്നിലെത്തി.

ഒമ്പതാം മിനിറ്റിൽ സെൽഫ് വഴങ്ങുന്നതിൽ നിന്ന് വെയ്ൽസ് കഷ്ടിച്ച് രക്ഷപ്പെട്ടത് ആരാധകർക്ക് ആശ്വാസമായി.യുഎസ് താരം തിമോത്തി വിയ ബോക്സിനകത്തു നിന്ന് കൊടുത്ത ക്രോസിൽ വെയ്ൽസിൻറെ ജോ റോഡൻറെ ഹെഡ്ഡർ വെയൽസ് ഗോൾ കീപ്പർ വെ്യൻ ഹെന്നെസെ രക്ഷപ്പെടുത്തുകയായിരുന്നു. തൊട്ടു പിന്നാലെ യുഎസിന് ലഭിച്ച അവസരം ആൻറോണി റോബിൻസൺ നഷ്ടമാക്കി. അൻറോണി റോബിൻസണും ക്രിസ്റ്റ്യൻ പുലിസിച്ചിനും ആക്രമിക്കാൻ ഇടം നൽകിയതിന് ആദ്യപകുതിയിൽ വെയ്ൽസ് വലിയ വില നൽകേണ്ടിവന്നു.ഇരു വിംഗുകളിലൂടെയും ഇരുവരും തുടർ ആക്രമണങ്ങളുമായി വെയ്ൽസ് ഗോൾ മുഖത്ത് ഇരച്ചെത്തി.