അടി തെറ്റി അർജന്റീന; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

0
80

ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ കരുത്തരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൗദി അട്ടിമറിച്ചു. സലേഹ് അൽഷെഹ്രി, സേലം അൽ ദവ്സരി എന്നിവർ സൗദിക്കായി ലക്ഷ്യം കണ്ടപ്പോൾ ആദ്യപകുതിയിൽ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.

അറിവുള്ളവർ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈൽ സ്റ്റേഡിയത്തിൽ മെസ്സിയുടെ അർജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയിൽ, എത്ര ഗോൾ പിറക്കും? അതിൽ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം അറിയാൻ കാത്തിരുന്നവർ പക്ഷേ സൗദിയെ വിലകുറച്ചു കണ്ടു.

കളിയുടെ 10 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. സൗദി അറേബ്യയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങിയതോടെ ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു. മെസ്സിയുടെ ഒറ്റ ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിൽ കളി മാറി. സൗദിയുടെ സമനില ഗോൾ എത്തി. 48 ആം മിനിറ്റിൽ എമിലിയാനോ മാർട്ടിനെസിൻ്റെ പന്ത് സാലിഹ് അൽഷെഹ്‌രി വലയിൽ എത്തിച്ചു.

53 ആം മിനിറ്റിൽ രണ്ടാം ഗോൾ. അർജന്റീനയുടെ പ്രതിരോധം നോക്കി നിൽക്കെ സേലം അൽ ദവ്സരിയുടെ ഒരു ഷാർപ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാൻ അനുവദിക്കാതെ അർജന്റീനയെ പൂട്ടി. ഇടയിൽ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി. മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാർഡുകൾ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്‌ക്കായുള്ള അർജന്റീനയുടെ ശ്രമങ്ങൾ തുടർന്നു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അവസാന വിസിൽ മുഴക്കാൻ അമാന്തിച്ച റിഫ്രീ ഒടുവിൽ സൗദി വിജയം വിളിച്ചോതി.