സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതി മാറും. രാത്രി സമയത്തെ ഉപയോഗത്തിന് ഇപ്പോഴുള്ള നിരക്ക് തുടരുമെന്നും പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. എല്ലാ വീടുകളിലും സ്മാർട്ട് മീറ്റർ സ്ഥാപിച്ചാൽ മാത്രമാകും പുതിയ രീതിയിലേക്ക് മാറാനാവുക.
ഒരു ഉപഭോക്താവിന്‍റെ ഒരു ദിവസത്തെ വൈദ്യുതി ഉപയോഗത്തെ ഉപഭോഗം ഏറ്റവും കൂടിയ വൈകീട്ട് 6 മുതൽ 10 വരെ ഉപയോഗം ഏറ്റവും കുറഞ്ഞ രാത്രി 10 മുതൽ രാവിലെ 6 വരെ ശരാശരി ഉപഭോഗം നടക്കുന്ന പകൽ 6 മുതൽ 6 വരെ എന്നിങ്ങനെ മൂന്നായി തിരിച്ച് മൂന്ന് നിരക്കായി ഈടാക്കണം എന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
നിലവിൽ പ്രതിമാസം 250 യൂണിറ്റ് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കും ഹൈടെൻഷൻ, എക്സ്ട്രാ ഹൈടെൻഷൻ ഉപഭോക്താക്കൾക്കും വ്യാവസായിക മേഖയിലും. ‘ടൈം ഓഫ് ദ ഡേ’ റീഡിങ്ങ് സമ്പ്രദായം നിലവിലുണ്ട്. താൽപര്യമുണ്ടെങ്കിൽ മറ്റുള്ളവര്‍ക്കും ഈ താരിഫിലേക്ക് മാറാം. സമയത്തിന് അനുസരിച്ച് വൈദ്യുതി ഉപയോഗം അളക്കാൻ ടിഒടി മീറ്ററോ സ്മാര്‍ട് മീറ്ററോ വേണം.
പീക്ക് അവറിൽ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോർഡിനുണ്ടാകുന്നതും വലിയ ലാഭമാണ്.
എന്നാൽ ടിഒഡി ഫ്ലാറ്റ് റേറ്റിലേക്ക് വരുമ്പോള്‍ പുതിയ മീറ്റര്‍ സ്ഥാപിക്കുന്നതിനുള്ള അധിക ചെലവിനെക്കുറിച്ചോ, ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിക്കുന്ന പാവപ്പെട്ടവർക്ക് നിലവിൽ സ്ലാബ് അടിസ്ഥാനത്തിൽ ലഭിക്കുന്ന ആനുകൂല്യത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല.
സ്മാർട്ട് മീറ്ററുകളിലേക്ക് പെട്ടെന്ന് ഉപഭോക്ത്താക്കളെ പെട്ടെന്ന് മാറ്റാനും എതിർപ്പുകൾക്ക് തടയിടാനുമുള്ള നീക്കത്തിന്‍റെ ഭാഗമാണോ ഇപ്പോഴത്തെ നീക്കം എന്നും സംശയിക്കുന്നവരുണ്ട്. ഉപഭോക്താക്കളിൽ ആശങ്കകളും സംശയങ്ങളും ഉയരുമ്പോള്‍ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാനാവില്ലെന്നാണ് വൈദ്യുതി വകുപ്പിലെ ജീവനക്കാരും പറയുന്നത്.
നിലവിൽ സമയം തിരിച്ച് ഉപഭോഗം കണക്കാക്കുന്നത് ടിഒഡി മീറ്റർ ഉപയോഗിച്ചാണ്. ടിഒഡി സംപ്രദായം എല്ലാ ഉപഭോക്താക്കളിലേക്കും കൊണ്ടുവരണമെങ്കിൽ എല്ലാ വീട്ടിലും ടിഒഡി മീറ്റർ വെക്കണം. 2025 ഓടെ കോടികൾ മുടക്കി സ്മാർട് മീറ്റർ കൊണ്ടുവരാനിരിക്കെ ടിഒഡി മീറ്റർ സ്ഥാപിച്ചാൽ അത് പാഴ്ചെലവാകും.
വൈദ്യുതി ഉപഭോഗം കൂടുതലുള്ള സമയത്ത് നിരക്ക് കൂട്ടുന്നതോടെ ആ സമയത്തെ ഉപയോഗം കുറയും. കെഎസ്ഇബി ഏറ്റവും കൂടുതൽ പണം കൊടുത്ത് വൈദ്യുതി വാങ്ങുന്നത് ഈ നേരത്താണ്. പീക്ക് അവറിൽ ഉപയോഗം കുറയുന്നതോടെ വൈദ്യുതി ബോർഡിന് വലിയ ലാഭമാണ് ലഭിക്കുക.
പ്രതിമാസം 250 യൂണിറ്റ് വരെ ഉപഭോഗമുള്ളവരെ 5 സ്ലാബുകളാക്കി തിരിച്ച് ടെലിസ്കോപ്പിക് ബില്ലിങ്ങ് അനുസരിച്ച് പല നിരക്കാണ് ഈടാക്കുന്നത്. വൈദ്യുതി ഏറ്റവും കുറവ് ഉപയോഗിക്കുന്ന ആൾക്ക് യൂണിറ്റിന് ഏറ്റവും ചെറിയതുക. ടിഒഡി ഫ്ലാറ്റ് റേറ്റിലേക്ക് വരുന്പോൾ പാവപ്പെട്ടവർക്ക് ലഭിക്കുന്ന ഈ ആനുകൂല്യം ഇല്ലാതാകുമോ എന്നതാണ് പ്രധാന ചോദ്യം.
നിലവിൽ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച വൈദ്യുതി താരീഫിന് മാർച്ച് 31 അവസാക്കാനിരിക്കെ പെട്ടെന്ന് ടിഒഡി സമ്പ്രദായം നടപ്പാക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.