ഹിമാചൽ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

0
83

ഹിമാചൽ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 68 അംഗ ഹിമാചൽ പ്രദേശ് നിയമസഭയിലേക്ക് 55.92 ലക്ഷം വോട്ടർമാർ 400ലധികം സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. സംസ്ഥാനത്തത്തെ ബിജെപി ഭരണത്തിന്റെ വിലയിരുത്തലും, തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇത്തവണ സിപിഐഎം 11 സീറ്റുകളിലാണ് മത്സരിക്കുന്നത്.

ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടർമാരിൽ 2,854,945 പേർ പുരുഷന്മാരും 2,737,845 പേർ സ്ത്രീകളുമാണ്. ആകെയുള്ള 412 സ്ഥാനാർത്ഥികളിൽ 24 പേർ മാത്രമാണ് വനിതകൾ.

ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാർട്ടി 67 സീറ്റുകളിലും ബിഎസ്പി 53 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപി 44 സീറ്റുകൾ നേടിയാണ് അധികാരത്തിൽ എത്തിയത്. കോൺഗ്രസ് 21 സീറ്റുകൾ നേടിയപ്പോൾ ഒരു സീറ്റിൽ സിപിഐഎമ്മും രണ്ട് സീറ്റിൽ സ്വതന്ത്രരും വിജയിച്ച് കയറി.