രാഹുല്‍ മിന്നി, ഗോളടിച്ച് ദിമിത്രിയോസും സഹലും; നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

0
84

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മഞ്ഞപ്പട സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ദിമിത്രിയോസ് (56′), സഹല്‍ അബ്ദുള്‍ സമദ് (85′, 90+6′) എന്നിവരാണ് സ്കോര്‍ ചെയ്തത്.

ഗോള്‍ രഹിതമായ ആദ്യ പകുതി

ഗോളിനായി ഇരുടീമുകളും കാര്യമായ നീക്കങ്ങള്‍ നടത്തിയിരുന്നില്ല ആദ്യ പകുതിയില്‍. ബ്ലാസ്റ്റേഴ്സ് നിരയ്ക്ക് രണ്ട് തവണ മാത്രമാണ് ഷോട്ടുതിര്‍ക്കാനായത്. നോര്‍ത്ത് ഈസ്റ്റിന് ഒന്ന് മാത്രം. പന്തടക്കത്തില്‍ മുന്നില്‍ മഞ്ഞപ്പട തന്നെയായിരുന്നു, 55 ശതമാനം. പക്ഷെ ചടുല നീക്കങ്ങളൊന്നും ഉണ്ടായില്ല. ഇരുടീമിന്റേയും പ്രതിരോധനിര മികവുകാട്ടി.

എട്ടാം മിനിറ്റിലായിരുന്നു ആദ്യ നീക്കം. നോര്‍ത്ത് ഈസ്റ്റിന്റെ റൊമൈന്‍ ഫിലിപ്പിട്ടോക്സ് തൊടുത്ത ഷോട്ട് ഗോള്‍പോസ്റ്റിലിടിച്ച് മടങ്ങി. ഇവാന്‍ കാലിയുഷ്നി മധ്യനിരയില്‍ താളം കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങള്‍ ശ്രമിച്ചു. പ്രെസിങ് ഗെയിം ഒന്നുകൂടി ശക്തമാക്കിയെങ്കിലും കളത്തില്‍ ഫലം കണ്ടില്ലെന്ന് മാത്രം.

വേഗതായാര്‍ന്ന രണ്ടാം പകുതി

ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ സാധിക്കാത്ത മഞ്ഞപ്പടയുടെ ശൈലി രണ്ടാം പകുതിയില്‍ മാറിമറിഞ്ഞു. കളിയില്‍ കൂടുതല്‍ വേഗത വന്നു, കുറിയ പാസുകളുമായി നോര്‍ത്ത് ഈസ്റ്റിന് അവസരം നല്‍കാതെയുള്ള നിമിഷങ്ങള്‍. 56-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നും ഗോളിനായി.

മലയാളി താരം രാഹുല്‍ കെപിയായിരുന്നു നീക്കത്തിന് തുടക്കം. പന്തുമായി മുന്നേറിയ രാഹുല്‍ സൗരവിന് പാസ് നല്‍കി. സൗരവ് ബോക്സിനുള്ളിലേക്ക് സൗരവ് തൊടുത്ത ക്രോസ് ദിമിത്രിയോസ് ഗോള്‍ വലയിലെത്തിച്ചും. ബ്ലാസ്റ്റേഴ്സ് മുന്നില്‍.

65-ാം മിനിറ്റില്‍ സഹലിനെ ഇവാന്‍ വുകുമനോവിച്ച് കളത്തിലിറക്കി. 85-ാം മിനിറ്റില്‍ രാഹുല്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. ബോക്സിനുള്ളില്‍ നിന്ന് രാഹുലിന്റെ ക്രോസ്. പന്ത് സ്വീകരിച്ച സഹല്‍ വലം കാല്‍കൊണ്ട് തൊടുത്ത ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി മിര്‍ഷാദ് മിച്ചുവിന് തടയാനായില്ല.

ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോളും പിറന്നത് കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെയായിരുന്നു. എസ് സിങ് ബോക്സിനുള്ളിലേക്ക് നല്‍കിയ പാസ് സ്വീകരിച്ച സഹല്‍ അനായാസമായ ഫിനിഷിങ്ങിലൂടെയായിരുന്നു ഗോള്‍ നേടിയത്. ജയത്തോടെ ആറ് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തെത്തി. നോര്‍ത്ത് ഈസ്റ്റിന്റെ അഞ്ചാം തോല്‍വിയാണിത്.