ടി-20 ലോകകപ്പ്: ഓസീസ് ക്യാമ്പിൽ കൊവിഡ് ബാധ വർധിക്കുന്നു; വെയ്ഡിനും വൈറസ് ബാധ

0
49

ഓസീസ് ക്യാമ്പിൽ കൊവിഡ് ബാധ വർധിക്കുന്നു. വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിനാണ് പുതുതായി കൊവിഡ് പോസിറ്റീവായിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ വെയ്ഡ് കളിക്കുമോ എന്നത് ആശങ്കയായി നിലനിൽക്കുകയാണ്. കടുത്ത രോഗലക്ഷണങ്ങളുണ്ടെങ്കിൽ വെയ്ഡ് നാളെ ഇറങ്ങില്ല. അങ്ങനെയെങ്കിൽ ഡേവിഡ് വാർണറാവും ഓസ്ട്രേലിയക്കായി വിക്കറ്റ് കീപ്പറാവുക. സ്പിന്നർ ആദം സാമ്പയ്ക്കും കൊവിഡ് പോസിറ്റീവാണ്. ശ്രീലങ്കക്കെതിരെ സാമ്പ കളിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരം ഓസ്ട്രേലിയക്ക് വളരെ നിർണായകമാണ്. ന്യൂസീലൻഡിനെതിരായ ആദ്യ മത്സരം പരാജയപ്പെട്ട ആതിഥേയർക്ക് നാളെ വിജയിക്കേണ്ടത് അനിവാര്യമാണ്.

ടി-20 ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡ് റൈലി റുസോ സ്വന്തമാക്കി. സൂപ്പർ 12 ഗ്രൂപ്പ് 2ൽ ബംഗ്ലാദേശിനെതിരെ 52 പന്തുകളിൽ സെഞ്ചുറി നേടിയാണ് റുസോ ഈ നേട്ടത്തിലെത്തിയത്. ഇന്ത്യക്കെതിരെ നടന്ന പരമ്പരയിലെ അവസാന ടി-20 മത്സരത്തിലും റുസോ സെഞ്ചുറി നേടിയിരുന്നു. ടി-20യിൽ താരത്തിൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഇത്.

മത്സരത്തിൻ്റെ തുടക്കം മുതൽ അടിച്ചുതകർത്ത റുസോ 30 പന്തുകളിൽ ഫിഫ്റ്റി തികച്ചു. 46 പന്തിൽ 95 റൺസിലെത്തിയ താരം പിന്നീട് സിംഗിളുകളിലൂടെ സെഞ്ചുറി തികയ്ക്കുകയായിരുന്നു. 56 പന്തിൽ 7 ബൗണ്ടറിയും 7 സിക്സറും സഹിതം 109 റൺസെടുത്ത താരം 19ആം ഓവറിൽ ഷാക്കിബുൽ ഹസൻ്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ചാണ് പുറത്തായത്.

റുസോയുടെ സെഞ്ചുറിയും ഡികോക്കിൻ്റെ ഫിഫ്റ്റിയും (38 പന്തിൽ 63) തുണച്ചപ്പോൾ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നസ്ഃടപ്പെടുത്തി 205 റൺസ് നേടി. ആദ്യ 15 ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗ് അവസാന ഓവറുകളിൽ തുടരാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. അവസാന അഞ്ച് ഓവറുകളിൽ 29 റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്.

രണ്ടാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടായി. ലിറ്റൺ ദാസ് (34) ആണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ദക്ഷിണാഫ്രിക്കക്കായി ആൻറിച് നോർക്കിയ നാലും തബ്രൈസ് ഷംസി മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.