ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ തുല്യമായ മാച്ച് ഫീ

0
110

ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇനി മുതൽ ലഭിക്കുക തുല്യമായ മാച്ച് ഫീ. ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തുല്യ മാച്ച് ഫീ പ്രഖ്യാപനം നടപ്പാക്കുമ്പോൾ താരങ്ങൾക്ക് ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി-20യ്ക്ക് 3 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയുടെ മുൻ താരം മിതാലി രാജ് ബിസിസിഐ തീരുമാനത്തെ പിന്തുണച്ചു. താരം ബിസിസിഐയ്ക്കും ജയ് ഷായ്ക്കും നന്ദി അറിയിച്ചു.

അതേസമയം, വനിതാ ഐപിഎലിൽ താരലേലം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. പകരം, ബിഗ് ബാഷ് ലീഗിലടക്കം സ്വീകരിച്ചിരിക്കുന്ന ഡ്രാഫ്റ്റ് സിസ്റ്റമാവും ഉണ്ടാവുക. ടീമുകൾക്കായി തുറന്ന ലേലമാണ് ഉണ്ടാവുകയെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. 2023 മാർച്ചിലാവും വനിതാ ഐപിഎലിൻ്റെ ആദ്യ സീസൺ നടക്കുക.

ഈ വർഷം അവസാനത്തോടെ ടീമുകൾക്കായുള്ള ലേലം നടന്നേക്കും. നിലവിലുള്ള ഐപിഎൽ ഫ്രാഞ്ചൈസികളിൽ 6 ഫ്രാഞ്ചൈസികളെങ്കിലും വനിതാ ടീം സ്വന്തമാക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ, ലേലത്തിൽ അവർക്ക് മുൻതൂക്കം ലഭിക്കില്ല.

വനിതാ ഐപിഎലിലിൻ്റെ ആദ്യ സീസണിൽ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോർട്ട്. അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ അനുവദിക്കും. ഇതിൽ നാല് പേർ ഐസിസിയുടെ മുഴുവൻ സമയ രാജ്യങ്ങളിലെ അംഗങ്ങളും ഒരാൾ അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരവും ആവണം. വനിതാ ടി-20 ലോകകപ്പ് അവസാനിക്കുന്നതിനും പുരുഷ ഐപിഎൽ ആരംഭിക്കുന്നതിനും ഇടയിൽ, 2023 മാർച്ചിലാവും വനിതാ ഐപിഎൽ നടക്കുക.

സോൺ അടിസ്ഥാനത്തിലോ സിറ്റി അടിസ്ഥാനത്തിലോ ആവും ഫ്രാഞ്ചൈസികൾ നൽകുക. ഇത് എങ്ങനെ വേണമെന്നതിൽ തീരുമാനം ആയിട്ടില്ല. നോർത്ത് (ധർമശാല/ജമ്മു), സൗത്ത് (കൊച്ചി/ വൈസാഗ്), സെൻട്രൽ (ഇൻഡോർ/നാഗ്പൂർ/റായ്പൂർ), ഈസ്റ്റ് (റാഞ്ചി/കട്ടക്ക്), നോർത്ത് ഈസ്റ്റ് (ഗുവാഹത്തി), വെസ്റ്റ് (പൂനെ/രാജ്കോട്ട്) എന്നീ സോണുകളും നിലവിൽ പുരുഷ ഫ്രാഞ്ചൈസികൾ ഉള്ള മുംബൈ, രാജസ്ഥാൻ, കൊൽക്കത്ത, ബെംഗളൂരു, ഡൽഹി, ചെന്നൈ, ലക്നൗ, പഞ്ചാബ്, ഹൈദരാബാദ്, അഹ്‌മദാബാദ് എന്നീ നഗരങ്ങളുമാണ് പരിഗണനയിൽ. ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം എടുക്കും.