ഡച്ച്, പോര്‍ച്ചുഗീസ് കച്ചവടക്കാരെ പിന്തുടര്‍ന്ന് കിഴക്കിന്‍റെ സ്വര്‍ണ്ണം തേടി യാത്ര തിരിച്ച ബ്രിട്ടീഷുകാര്‍, 1608 ആഗസ്റ്റില്‍ സൂറത്തിലാണ് ആദ്യമായി ഇറങ്ങുന്നത്. പിന്നീട് ഉപദ്വീപ് മുഴുവനും പിടിച്ചടക്കുന്ന തരത്തിലേക്ക് ആ കച്ചവട സംഘം വളര്‍ന്നു. 1599- ബ്രിട്ടീഷ് ജോയിന്‍റ് സ്റ്റോക്ക് കമ്പനി ഇന്ത്യ അടക്കമുള്ള കിഴക്കന്‍ രാജ്യങ്ങളില്‍ കച്ചവടം ശക്തമാക്കി. നീണ്ട 158 വര്‍ഷക്കാലത്തെ കച്ചവടത്തിന് ശേഷം 1757 മുതല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ ഔദ്ധ്യോഗികമായി ഭരണം ആരംഭിച്ചു. 1857 -ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ഭരണം ബ്രിട്ടീഷ് രാജിലേക്ക് മാറി. പിന്നെയും 90 വര്‍ഷം. ഒടുവില്‍ 1947 -ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം. പിന്നാലെ പാകിസ്ഥാന്‍റെ ജനനം. രണ്ട് ഭരണകാലവും കൂടി 190 വര്‍ഷം, ബ്രിട്ടന്‍റെ അധികാരത്തിന്‍ കീഴിലായിരുന്നു ഇന്ത്യന്‍ ഉപഭൂഖണ്ഡം. ഇക്കാലത്തിനിടയ്ക്ക് ‘ഇന്ത്യക്കാരനും നായയ്ക്കും പ്രവേശനമില്ലെന്ന’ ബോര്‍ഡുകള്‍ ഉയര്‍ന്ന കെട്ടിടങ്ങളും സ്ഥലങ്ങളും ഇന്ത്യയിലുണ്ടായിരുന്നെന്നതിന് ചരിത്രം സാക്ഷി. ഒടുവില്‍, ചരിത്രത്തിന്‍റെ കുഴമറിച്ചിലില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ഇന്ന് ബ്രിട്ടന്‍റെ അധികാര കസേരയിലിരിക്കുകയാണ്. റിഷി സനുക്. ആരാണ് റിഷി സനുക്?
1960-കളിൽ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ പഞ്ചാബി – ഇന്ത്യന്‍ വംശജരുടെ പിന്മുറക്കാരനാണ് താനെന്ന് ഒരിക്കല്‍ റിഷി സനുക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെ നിന്ന് ബ്രിട്ടനിലേക്കും നീണ്ട പ്രവാസ ജീവിതം. റിഷി ജനിക്കുമ്പോള്‍ (12 മെയ് 1980) കുടുംബം ബ്രിട്ടനിലെ സതാംപ്ടണ്‍ ഏരിയില്‍ താമസം ആരംഭിച്ചിരുന്നു. അച്ഛന്‍ കുടുംബ ഡോക്ടറായിരുന്നു. അമ്മ ഫാര്‍മസിസ്റ്റും. ഹിന്ദുമത വിശ്വാസിയായിരുന്ന യാഥാസ്ഥിതിക കുടുംബത്തില്‍ അമ്പലങ്ങള്‍ കയറി ഇറങ്ങിയ കുട്ടിക്കാലമായിരുന്നു റിഷിയുടേത്. താന്‍ ഹിന്ദുമത വിശ്വാസിയാണണെന്ന് പിന്നീടൊരിക്കല്‍ റിഷി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വിഞ്ചെസ്റ്റർ കോളേജിൽ നിന്ന് വിദ്യാഭ്യാസം. ഓക്സ്ഫോർഡിലെ ലിങ്കൺ കോളേജിൽ നിന്ന് തത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയില്‍ ഉന്നത വിദ്യാഭ്യാസം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഫുൾബ്രൈറ്റ് സ്കോളറായി എംബിഎ. ഇംഗ്ലീഷിന് പുറമേ, ഹിന്ദിയും പഞ്ചാബിയും സംസാരിക്കും. ബിരുദം നേടിയ ശേഷം, സുനക് ഗോൾഡ്മാൻ സാക്‌സിലും പിന്നീട് കുട്ടികളുടെ നിക്ഷേപ ഫണ്ട് മാനേജ്‌മെന്‍റ്, തെലെം പാർട്‌ണേഴ്‌സ് എന്നീ ഹെഡ്ജ് ഫണ്ട് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. സ്റ്റാൻഫോർഡിൽ പഠിക്കുമ്പോൾ, ഇൻഫോസിസ് സ്ഥാപിച്ച ഇന്ത്യൻ കോടീശ്വരനായ വ്യവസായി എൻ.ആർ. നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുമായുള്ള അടുപ്പും പിന്നീട് വിവാഹത്തില്‍ (2009) എത്തി. രണ്ട് പെണ്‍മക്കള്‍, അനൗഷ്കയും കൃഷ്ണയും.
രാഷ്ട്രീയത്തിലിറങ്ങും മുമ്പ്, വിജയം കൈവരിച്ച ഒരു സംരംഭകന്‍ കൂടിയാണ് റിഷി. രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ‘ധനികനായ രാഷ്ട്രയക്കാരന്‍’ എന്ന അധിക പട്ടം അദ്ദേഹം സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിലും കുതിരപ്പന്തയത്തിലും തത്പരനായ റിഷി, ഇടക്കാലത്ത് ഈസ്റ്റ് ലണ്ടൻ സയൻസ് സ്കൂളിന്‍റെ ഗവർണറായിരുന്നു. 2015 ല്‍ നോർത്ത് യോർക്ക്ഷെയറിലെ റിച്ച്മണ്ടിനുള്ള ഹൗസ് ഓഫ് കോമൺസിലേക്ക് സുനക് തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നു. യൂറോപ്യൻ യൂണിയൻ അംഗത്വത്തെക്കുറിച്ചുള്ള 2016 ലെ റഫറണ്ടത്തിൽ സുനക് ബ്രെക്സിറ്റിനെ പിന്തുണച്ചു. 2018 ലെ പുനഃസംഘടനയിൽ രണ്ടാം തെരേസ മേയുടെ സർക്കാരിലേക്ക് പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി നിയമിക്കപ്പെട്ടു. മേയുടെ ബ്രെക്സിറ്റ് പിൻവലിക്കൽ കരാറിന് അനുകൂലമായി അദ്ദേഹം മൂന്ന് തവണ വോട്ട് ചെയ്തു. മെയ് രാജിവച്ചതിന് ശേഷം, കൺസർവേറ്റീവ് നേതാവാകാനുള്ള ബോറിസ് ജോൺസന്‍റെ പ്രചാരണത്തെ പിന്തുണച്ച് കൊണ്ട് സുനക് രംഗത്തെത്തി. ജോൺസൺ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ റിഷി ട്രഷറിയുടെ ചീഫ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2020 ഫെബ്രുവരിയിലെ മന്ത്രിസഭാ പുനഃസംഘടനയിൽ സാജിദ് ജാവിദിന്‍റെ രാജിക്ക് ശേഷം റിഷി ചാൻസലർ ഓഫ് ദി എക്‌സ്‌ചീക്കറായി ചുമതലയേറ്റു
കൊറോണ മഹാമാരിയുടെ കാലത്ത് ജോലി നിലനിർത്തൽ, ‘Eat out to Help Out’ പദ്ധതികളിലൂടെയും കൊവിഡ് 19 നെ ചെറുക്കാനുള്ള സര്‍ക്കാര്‍ പദ്ധതികളിലൂടെയും സാമ്പത്തിക പുനരുജ്ജീവനത്തിലൂടെയും റിഷി കഴിവ് തെളിയിച്ചു. 2022 ജൂലൈ 5 ന് അദ്ദേഹം ചാൻസലർ സ്ഥാനം രാജിവച്ചു. ബോറിസ് ജോൺസന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിയായി റിഷി രംഗപ്രവേശനം ചെയ്തു. എന്നാല്‍, കൺസർവേറ്റീവ് പാർട്ടി നേതൃത്വ തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് മുന്നില്‍ അടിപതറി. അപ്രതീക്ഷിതമായി ലിസ് ട്രസ് രാജിവച്ചപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള വഴിയില്‍ റിഷി സമുക് മാത്രമായി.
ചാൾസ് മൂന്നാമൻ രാജാവ് സുനക്കിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നതോടെ ബ്രിട്ടനില്‍ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ബ്രിട്ടീഷ് ദക്ഷിണേഷ്യക്കാരനും, വെള്ളക്കാരല്ലാത്ത ആദ്യത്തെ വ്യക്തിയും, ആ പദവി വഹിക്കുന്ന ഏറ്റവും വലിയ ധനികനുമായി റിഷി സനുക് മാറും. 2022 ലെ കണക്കനുസരിച്ച് 730 മില്യൺ പൗണ്ടിന്‍റെ ആസ്തിയാണ് റിഷിക്കും ഭാര്യ അക്ഷത മൂർത്തിക്കുമുള്ളത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനിലെ 222 -ാമത്തെ ധനികരാണ് ഇരുവരും.
താന്‍ അഭിമാനിയായ ഹിന്ദുവാണെന്ന് പരസ്യമായി അഭിപ്രായപ്പെട്ടയാളാണ് റിഷി. ബ്രിട്ടീഷ് എംപിയായപ്പോള്‍ ഹൗസ് ഓഫ് കോമൺസിൽ വെച്ച് ഭഗവദ്ഗീതയിൽ തൊട്ടാണ് റിഷി സത്യപ്രതിജ്ഞ ചെയ്തത്. റിഷിയുടെ ഗോപൂജ വിവാദമായിരുന്നു. അതോടൊപ്പം അഷിത മൂര്‍ത്തി, യുകെയ്ക്ക് പുറത്ത് നിന്ന് സമ്പാദിക്കുന്ന പണത്തിന് യുകെയില്‍ നികുതി നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതും വിവാദമായിരുന്നു. ചാന്‍സിലറായിരിക്കെ യുഎസ് ഗ്രീന്‍ കാര്‍ഡ് ഉപയോഗിച്ചതും റിഷിയെ വിവാദ നായകനാക്കി. ലോക് ഡൗണ്‍ നിയമം ലംഘിച്ച് ബോറിസ് ജോണ്‍സണ്‍ന്‍റെ ജന്മദിനാഘോഷത്തിന് പങ്കെടുത്തും രാജ്യത്ത് സാമ്പത്തിക പരാധീനത നിലനില്‍ക്കുമ്പോള്‍ ആഡംബര കുളം നിര്‍മ്മിച്ചതും റിഷി സനുകിനെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ചു. റിഷി സുനകിന്‍റെ സഹോദരൻ സഞ്ജയ് ഒരു മനശാസ്ത്രജ്ഞനാണ്. സഹോദരി രാഖി വിദ്യാഭ്യാസത്തിനായുള്ള യുണൈറ്റഡ് നേഷൻസ് ഗ്ലോബൽ ഫണ്ടായ എജ്യുക്കേഷനിലെ സ്ട്രാറ്റജി ആൻഡ് പ്ലാനിംഗ് മേധാവിയാണ്.