ഡല്‍ഹിയില്‍ പടക്കം വാങ്ങുകയോ പൊട്ടിക്കുകയോ ചെയ്താല്‍ ജയിലില്‍

0
79

ഡല്‍ഹിയില്‍ പടക്കള്‍ക്കുള്ള വിലക്ക് തുടരുന്നു. പടക്കങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും സൂക്ഷിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും 5,000 രൂപ വരെ പിഴയും, സ്‌ഫോടകവസ്തു നിയമം സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിച്ചാല്‍ ആറ് മാസം വരെ തടവും 200 രൂപ പിഴയും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തലസ്ഥാനത്ത് പടക്കങ്ങളുടെ ഉല്‍പ്പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് 5,000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്നും’ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്റ്റംബറില്‍, ജനുവരി 1 വരെ, ദീപാവലി ഉള്‍പ്പെടെയുളള എല്ലാ ആഘോഷങ്ങളിലും പടക്കങ്ങളുടെ ഉത്പാദനം, വില്‍പന, ഉപയോഗം എന്നിവയ്ക്ക് പൂര്‍ണ്ണ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

‘വിളക്കുകള്‍ കത്തിക്കൂ പടക്കങ്ങളല്ല’ എന്ന ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഒക്ടോബര്‍ 21 ന് ആരംഭിക്കുമെന്ന് റായ് പറഞ്ഞു . വെള്ളിയാഴ്ച കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഡല്‍ഹി സര്‍ക്കാര്‍ 51,000 ദീപങ്ങള്‍ തെളിയിക്കും.നിരോധനം നടപ്പാക്കാന്‍ 408 ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും റായ് കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ കീഴില്‍ 210 ടീമുകളും റവന്യൂ വകുപ്പ് 165 ടീമുകളും ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതി 33 ടീമുകളും രൂപീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 16 വരെ 188 നിയമലംഘന കേസുകള്‍ കണ്ടെത്തിയതായും 2,917 കിലോ പടക്കങ്ങള്‍ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്റെ പടക്ക നിരോധനത്തെ ചോദ്യം ചെയ്ത് ബിജെപി എംപി മനോജ് തിവാരി സെപ്തംബറില്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഉത്സവ സീസണില്‍ മലിനീകരണം വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീം കോടതി ഒക്ടോബര്‍ 10 ന് നിരോധനം നീക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം, ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളില്‍, തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 500 എന്ന സ്‌കെയിലില്‍ 463 ആയി അപകടകരമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇതാണ് സ്ഥിതി. ആളുകള്‍ വിഷവായു ശ്വസിക്കുന്നത് തടയാന്‍ സ്‌കൂളുകള്‍ അടയ്ക്കുക, ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ അനുവദിക്കുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിച്ചിരുന്നു.