സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന് സച്ചിന്‍

0
125

ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ സെമി ഫൈനലിസ്റ്റുകളെയും ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിലെ വിജയികളെയും പ്രവചിച്ച് ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിക്കുമെന്ന് സച്ചിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയാണ് ഫേവറൈറ്റുകള്‍. എന്‍റെ ഹൃദയം ഇന്ത്യക്കൊപ്പമാണ്. ഇന്ത്യ ജയിക്കണമെന്നാണ് എല്ലാതവണത്തെയും പോലെ ഇത്തവണയും എന്‍റെ ആഗ്രഹം. ഇന്ത്യക്കാരനായതുകൊണ്ട് മാത്രമല്ല, ഓസീസ് സാഹചര്യങ്ങളില്‍ കരുത്തുകാട്ടാനുള്ള ശേഷി ഇന്ത്യക്കുള്ളത് കൊണ്ട് കൂടിയാണ്. ടി20 ലോകകപ്പില്‍ സെമി ഫൈനലിലെത്തുന്ന ടീമുകള്‍ ഏതൊക്കെയായിരിക്കുമെന്നും സച്ചിന്‍ പ്രവചിച്ചു. സ്വാഭാവികമായും ഇന്ത്യ ലോകകപ്പ് ജയിക്കണമെന്നാണ് എന്‍റെ ആഗ്രഹം.

സെമി ഫൈനലില്‍ ഇന്ത്യക്ക് പുറമെ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകളാകും ഉണ്ടാകുക. ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും കറുത്ത കുതിരകളാകാന്‍ ശേഷിയുള്ളവരാണ്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ദക്ഷിണിഫ്രിക്കയിലെ സാഹചര്യങ്ങളോട് സമാനമാണ് ഇപ്പോള്‍ ഓസീസിലെ സാഹചര്യങ്ങള്‍. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളില്‍ കളിച്ച പരിചയസമ്പത്ത് അവര്‍ക്ക് ഗുണകരമാകും

രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യക്കും ഇത്തവണ കിരീടം നേടാന്‍ മികച്ച സാധ്യതയുണ്ട്. ടീം സന്തുലിതമാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള നിരവധി കോംബിനേഷനുകളും നമുക്കുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ കിരീടം നേടുമെന്ന കാര്യത്തില്‍ എനിക്ക് വലിയ പ്രതീക്ഷയുണ്ട്-സച്ചിന്‍ പറഞ്ഞു.

സൂപ്പര്‍12 റൗണ്ടില്‍ 22ന് പാക്കിസ്ഥാനെതിരെ ആണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം. 27ന് സൂപ്പര്‍ 12 യോഗ്യതക്കായുള്ള എ ഗ്രൂപ്പിലെ രണ്ടാമന്‍മാരുമായി ഇന്ത്യ ഏറ്റുമുട്ടും. 30 ദക്ഷിണാഫ്രിക്കയുമായും നവംബര്‍ രണ്ടിന് ബംഗ്ലാദേശുമായും ആറിന് സൂപ്പര്‍ 12 യോഗ്യതക്കുള്ള ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരുമായും ഇന്ത്യ ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവരാണ് സെമിയിലെത്തുക.