കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിന് കഴിയില്ല ; തെക്കൻ ജില്ലക്കാർ മോശക്കാരെന്നും കെ സുധാകരൻ

0
124

ശശി തരൂർ കോൺഗ്രസിൽ ഇപ്പോഴും “ട്രെയിനി’ മാത്രമാണെന്ന്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഘടനയെ നയിക്കാനുള്ള കഴിവ്‌ തരൂരിനില്ല. തനിക്ക്‌ തോന്നിയാൽ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ലീഗ്‌ പോയാൽ യുഡിഎഫിലേക്ക്‌ വരാൻ വേറെ പാർട്ടികളുണ്ടെന്നും സുധാകരൻ തുറന്നടിച്ചു. “ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസി’ ന്‌ നൽകിയ അഭിമുഖത്തിലാണ്‌ സുധാകരന്റെ പ്രതികരണം.

തെക്കൻ കേരളത്തിലുള്ളവരെ അപമാനിക്കുന്ന പ്രതികരണങ്ങളും സുധാകരൻ അഭിമുഖത്തിൽ നടത്തിയിട്ടുണ്ട്‌. വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്‌. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. ഇതിന്‌ ചരിത്രപരമായ കാരണങ്ങളുണ്ടെന്നും സുധാകരൻ പറയുന്നു.

മുസ്ലിം ലീഗ്‌ യുഡിഎഫ്‌ വിട്ടാൽ മുന്നണിയിലേക്ക്‌ വരാൻ വേറെ പാർട്ടികളുണ്ട്‌. ലീഗ്‌ ഇല്ലെങ്കിൽ കോൺഗ്രസും യുഡിഎഫും ഇല്ലെന്ന്‌ പറയുന്നതിൽ കാര്യമില്ല. സിപിഐ മാത്രമല്ല, കേരള കോൺഗ്രസും എൽഡിഎഫിൽ തൃപ്‌തരല്ല. കോൺഗ്രസിലെ ഒരു നേതാവാണ്‌ കേരള കോൺഗ്രസ്‌ മുന്നണി വിടാൻ പ്രധാന കാരണക്കാരൻ. അദ്ദേഹത്തിന്റെ ചില പ്രസ്‌താവനകൾ അവരെ പ്രകോപിപ്പിച്ചു.

കേരളത്തിലെ നേതാക്കൾക്ക്‌ തരൂർ നേതൃത്വത്തിലേക്ക്‌ ഉയരുമോ എന്ന ആശങ്കയില്ല. നയിക്കാനുള്ള കഴിവ്‌ മാത്രമാണാവശ്യം. തരൂരിന്‌ സംഘടനയെ നയിച്ചുള്ള പാരമ്പര്യമില്ല. ഒരുപാട്‌ പദവികൾ വഹിച്ചശേഷമാണ്‌ താൻ കെപിസിസി അധ്യക്ഷനാകുന്നത്‌. എന്നാൽ തരൂരിന്‌ രാഷ്‌ട്രീയത്തിൽ അതുപോലുള്ള പരിചയമില്ല. മല്ലികാർജുൻ ഗാർഖെ 80 വയസ്സുകാരനാണെങ്കിലും രാഷ്‌ട്രീയത്തിൽ നല്ല പരിചയമുള്ളയാളാണ്‌.

തരൂരിന്‌ പാർട്ടിയെ നയിക്കാനാവില്ലെന്ന്‌ നേരിട്ട്‌ ഞാൻ പറഞ്ഞിട്ടുള്ളതാണ്‌. തരൂർ പ്രസിഡന്റായാൽ ഒരു “ട്രെയിനി’ ഫാക്‌ടറി നിയന്ത്രിക്കുന്നതിന്‌ തുല്യമായിരിക്കും. ഒരു ബൂത്ത്‌ പ്രസിഡന്റ്‌ പദവിപോലും വഹിക്കാത്തയാളാണ്‌ തരൂർ. തരൂർ സ്വന്തം വ്യക്തിത്വം കൊണ്ടാണ്‌ തിരുവനന്തപുരത്ത്‌ ജയിക്കുന്നതെന്ന്‌ പറയുന്നത്‌ ശരിയല്ല. കോൺഗ്രസ്‌ ഇല്ലെങ്കിൽ അദ്ദേഹത്തിന്‌ ജയിക്കാനാവില്ല.

പാർട്ടി മോശം അവസ്ഥയിലാണെങ്കിൽ നേതാക്കൾ ബിജെപിയിലേക്ക്‌ പോകുന്ന സ്ഥിതി ഉണ്ടാകുന്നതിൽ അത്‌ഭുതമില്ല. അധികാരം ഇല്ലെങ്കിൽ നിരാശരാകുന്ന നേതാക്കളുണ്ട്‌. തോന്നിയാൽ ബിജെപിയിൽ പോകുമെന്ന്‌ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. എന്നാൽ കോൺഗ്രസ്‌ വിടുന്നതിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നതേയില്ല – സുധാകരൻ പറഞ്ഞു.

വടക്കൻ കേരളത്തിൽ നിന്നുള്ള നേതാക്കന്മാരെല്ലാം നേരായ വഴിയിലൂടെ ചിന്തിക്കുന്നവരാണ്‌. എന്നാൽ തെക്കൻ കേരളത്തിൽ അങ്ങനെയല്ല. അതിന്‌ ചരിത്രപരമായ ചില കാരണങ്ങളുണ്ട്‌. ഒരു കഥ പറയാം… രാവണനെ വധിച്ചശേഷം രാമൻ സീതയോടും ലക്ഷ്‌മണനോടുമൊപ്പം ലങ്കയിൽനിന്ന്‌ പുഷ്‌പക വിമാനത്തിൽ തിരികെ വരികയായിരുന്നു. തെക്കൻ കേരളത്തിന്‌ മുകളിലെത്തിയപ്പോൾ രാമനെ താഴേക്ക്‌ തള്ളിയിട്ട്‌ സീതയുമായി കടന്നുപോകാൻ ലക്ഷ്‌മണൻ ആലോചിച്ചു. എന്നാൽ തൃശ്ശൂർ ഭാഗത്ത്‌ എത്തിയപ്പോഴേക്കും ലക്ഷ്‌മണന്റെ മനസ്സുമാറി. ഇത്‌ മനസ്സിലാക്കിയ രാമൻ ലക്ഷ്‌ണനോട്‌ പറഞ്ഞു “നീ ചിന്തിച്ചത്‌ എനിക്ക്‌ മനസ്സിലായിരുന്നു, അത്‌ നിന്റെ കുഴപ്പമല്ല, നമ്മൾ കടന്നുവന്ന നാടിന്റെ പ്രശ്‌നമാണ്‌’ – സുധാകരൻ അഭിമുഖത്തിൽ പറയുന്നു.