ലൈഫ് ഭവന പദ്ധതി: 1. 06 ലക്ഷം വീട്‌ നിർമാണത്തിന്‌ അനുമതി

0
105

ലൈഫ്‌ രണ്ടാംഘട്ടത്തിലെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ടവരിൽ 1,06,000 പേർക്ക്‌  ഈ സാമ്പത്തികവർഷംതന്നെ വീട്‌ നിർമാണത്തിന്‌ അനുമതി. ‘ലൈഫ്‌ 2020’ പട്ടികയിലുള്ള പട്ടികജാതി- വർഗം, മത്സ്യത്തൊഴിലാളികൾ, അതിദരിദ്രർ എന്നിവർക്കായിരിക്കും മുൻഗണന. ഇതിനായി ഗുണഭോക്താക്കളുമായി കരാറിലേർപ്പെടാൻ തദ്ദേശമന്ത്രി എം ബി രാജേഷ്‌ നിർദേശം നൽകി. എസ്‌സി– 40,000,  എസ്‌ടി–- 15,000, മത്സ്യത്തൊഴിലാളി– 11,000, പൊതുവിഭാഗം– 40,000 എന്നിങ്ങനെയാണ്‌ ഭവനങ്ങൾ ഉയരുക.

ഓരോ കുടുംബത്തിനും നാല്‌ ലക്ഷം രൂപ വീതം നൽകും. പട്ടികവർഗ സങ്കേതങ്ങളിൽ വീടിന്‌ എസ്‌ടി വിഭാഗത്തിന്‌ ആറ്‌ ലക്ഷം നൽകും. മറ്റുള്ളവർക്ക്‌ നാല് ലക്ഷം രൂപയാണ് വീട് നിര്‍മ്മിക്കാൻ സര്‍ക്കാര്‍ നല്‍കുന്നത്. എല്ലാമനുഷ്യർക്കും അടച്ചുറപ്പുള്ള വീട്‌ എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ലോകത്ത് മറ്റെവിടെയും ഇത്രയും വിപുലമായ ഒരു ഭവനപദ്ധതി മാതൃക ഇല്ല. നവകേരളത്തിലേക്കുള്ള കുതിപ്പിലെ നിര്‍ണായക ചുവടുവെപ്പാകും ലൈഫ് 2020 പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ ലൈഫ് പദ്ധതിയുടെ ഭാഗമായി 3,11,000 വീടുകളാണ് പൂര്‍ത്തിയായത്. ലൈഫിന്‍റെ ഒന്നാംഘട്ടത്തില്‍പേരുള്ള, ഇനിയും കരാറില്‍ ഏര്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹിതര്‍ 4360ആണ്. സി ആര്‍ ഇ‍സെഡ്, വെറ്റ്ലാൻഡ്പ്രശ്നങ്ങള്‍ മൂലം കരാറിലെത്താത്തവരുടെ ഓരോരുത്തരുടെയും വിഷയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍പരിശോധിക്കും. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങള്‍ മൂലമോ താത്പര്യമില്ലാത്തതിനാലോ കരാറില്‍ഏര്‍പ്പെടാത്തവരുടെ വിശദാംശങ്ങള്‍ പഠിച്ച് കരാറിലെത്താനോ, ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനോ ഉള്ള നടപടിസ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ‘മനസോടിത്തിരി മണ്ണ്’

പദ്ധതിയിലൂടെ നിലവില്‍ ലഭിച്ച സ്ഥലം, ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള നടപടിസ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. കൂടുതല്‍ ഭൂമി സംഭാവന ചെയ്യാൻ പൊതുജനങ്ങളും സ്ഥാപനങ്ങളും രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഉന്നതയോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍സെക്രട്ടറി ഡോ. ഷര്‍മ്മിളാ മേരി ജോസഫ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ലൈഫ്സിഇഒ പി ബി നൂഹ് തുടങ്ങിയവര്‍ പങ്കെടുത്തു.