ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണത്തിന് ഇരയായി ഇന്ത്യന്‍ വിദ്യാര്‍ഥി

0
36

ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണത്തിന് ഇരയായി ഇന്ത്യന്‍ വിദ്യാര്‍ഥി. മുഖത്തും നെഞ്ചിലും ഒന്നിലധികം തവണ കുത്തേറ്റ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്.

ന്യൂ സൗത്ത് വെയിൽസ് സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി ചെയ്യുന്ന ശുഭം ഗാർഗ് എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഐഐടി മദ്രാസിൽ നിന്ന് ബി ടെക്കും സയൻസില്‍ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശുഭം സെപ്റ്റംബര്‍ 1നാണ് ഓസ്‌ട്രേലിയയിള്‍ എത്തിയത്.

പ്രത്യക്ഷത്തിൽ വംശീയ ആക്രമണമെന്ന് വിലയിരുത്തപ്പെട്ട ഈ സംഭവം നടന്നത് ഒക്‌ടോബർ ആറിനാണ്. ആഗ്രയില്‍ നിന്നുള്ള 28 കാരനായ ശുഭം ഗാർഗ് പസഫിക് ഹൈവേയിൽ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ്ആക്രമണമുണ്ടായത്. ശുഭത്തിന് മുഖത്തും നെഞ്ചിലും വയറിലും ഒന്നിലധികം തവണ കുത്തേറ്റതായും ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ കഴിയുകയാണ് എന്നുമാണ് റിപ്പോര്‍ട്ട്‌.

മകന്‍ ആക്രമണത്തിന് ഇരയായതോടെ മാതാപിതാക്കള്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിസ നേടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. മകന് നേര്‍ക്കുണ്ടായത് വംശീയ ആക്രമണമാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

പ്രധാനമന്ത്രി മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എന്നിവരെ ടാഗ് ചെയ്തുകൊണ്ട് ശുഭം ഗാർഗിന്‍റെ സഹോദരി അടിയന്തിര സഹായം അഭ്യര്‍ഥിച്ചിരിയ്ക്കുകയാണ്.

അതേസമയം, ആക്രമണത്തിന് ഇരയായ ശുഭം ഗാര്‍ഗിന്‍റെ മാതാപിതാക്കളുടെ വിസ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഉടൻ ലഭ്യമാക്കുമെന്നും ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് നവനീത് ചഹൽ പറഞ്ഞു.

അതേസമയം, സംഭവസ്ഥലത്ത് വെച്ച് 27 കാരനായ ഡാനിയൽ നോർവുഡ് അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. ഹോൺസ്ബി ലോക്കൽ കോടതിയിൽ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇനി ഡിസംബർ 14 ന് കോടതിയിൽ ഹാജരാക്കുന്നത് വരെ ഇയാള്‍ ജയിലില്‍ തുടരും.