കൊച്ചി മെട്രോയിൽ സൗജന്യ വൈഫൈ സർവ്വീസ്

0
256

കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലും സൗജന്യ വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്തു. ആലുവ മുതൽ എസ് എൻ ജംഗ്ഷൻ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി മുതൽ ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്ത് കെ.എംആർഎൽ എംഡി ശ്രീ.ലോക്നാഥ് ബെഹ്റ അറിയിച്ചു.

നിലവിൽ 4ജി നെറ്റ് വർക്കിൽ പ്രവർത്തിക്കുന്ന വൈഫൈ 5ജി എത്തുന്നതോടെ അപ്ഗ്രേഡ് ചെയ്യും. വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികൾ കെഎംആർഎൽ സ്വീകരിച്ചിട്ടുണ്ട്. തികച്ചും സൗജന്യമായാണ് യാത്രക്കാർക്ക് ഈ സേവനം ലഭ്യമാവുക.

ഡിജിറ്റൽ ഇന്ത്യ ക്യാമ്പെയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെഎംആർഎൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാനാകുമെന്ന വിവരങ്ങൾ എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

മൊബൈലിൽ വൈഫൈ ബട്ടൺ ഓൺ ചെയ്തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്റ്റ് ചെയ്ത് പേരും മൊബൈൽ നമ്പരും നൽകുക. അടുത്ത പടിയായി ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് യാത്രക്കാർക്ക് കൊച്ചി മെട്രോ നൽകുന്ന സൗജന്യ വൈഫൈ സർവീസ് ഉപയോഗിക്കാം.