സമീപഭാവിയിൽ പാസ്സ്പോർട്ടില്ലാതെ തന്നെ വിസ ലഭ്യമാകും ; മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കാൻ നീക്കം

0
154

ടെക് മേളയായ ജൈടെക്സിൽ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കി സമീപഭാവിയിൽ വിസ നടപടികൾ പൂർത്തീകരിക്കുന്ന സ്വപ്ന പദ്ധതി അവതരിപ്പിച്ച് ദുബായ്. പാസ്പോർട്ടോ മറ്റു രേഖകളോ ആവശ്യമില്ലാതെ തന്നെ ദുബായ് വിസ ലഭിക്കുന്ന സംവിധാനം സമീപഭാവിയിൽ തന്നെ നടപ്പിലാക്കുമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) അറിയിച്ചു. ഫേഷ്യൽ റെകഗ്‌നീഷ്യൻ ടെക്നിക് എന്ന പേരിൽ വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു വകുപ്പിന്റെ മുഴുവൻ സേവനങ്ങളും ലഭ്യമാക്കാനാണു പദ്ധതിയെന്നു മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

സേവനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് സ്മാർട്ട്‌ സംവിധാന ശ്രേണി വകുപ്പ്-ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായിലെ കര, നാവിക, വ്യോമ അതിർത്തികൾ വഴിയുള്ള യാത്രക്കാരുടെ മുഴുവൻ ശരീരശാസ്ത്ര വിവരങ്ങളും ഈ പുതിയ സംവിധാനം വഴി ശേഖരിക്കാം. എല്ലാ ആവശ്യങ്ങൾക്കുമുപയോഗിക്കാവുന്ന രീതിയിൽ യാത്രക്കാരുടെ വിവരങ്ങൾ കൃത്യമായി ഇതിൽ രേഖപ്പെടുത്താൻ സാധിക്കും. താമസ വീസയ്ക്കായോ മറ്റു സേവനങ്ങള്‍ക്കായോ ജിഡിആർഎഫ്എയിലേക്ക് എത്തുന്നവർക്ക് എല്ലാ സേവനങ്ങളും ഫേഷ്യൽ ബയോമെട്രിക് തിരിച്ചറിയൽ വഴി നൽകും. സമാന സേവനം ഇതിനകം തന്നെ ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റില്‍ നടപ്പിലാക്കിയിട്ടുണ്ട്.

എന്നാല്‍, ജിഡിആർഎഫ്എയില്‍ ഈ സേവനം എന്നു നടപ്പിലാക്കുമെന്നതു സംബന്ധിച്ചു കൃത്യമായി പറയുക സാധ്യമല്ല. കാരണം ഓരോ തരത്തിലുള്ള സേവനങ്ങൾക്കും വ്യത്യസ്തമായ നടപടിക്രമങ്ങളുണ്ടെന്നും അധികൃതർ വിശദീകരിച്ചു. സമീപ ഭാവിയിൽ ഉപയോഗിക്കുന്നതിനു മുൻപു കർശനമായ സുരക്ഷാ രീതികൾ ഉപയോഗിച്ച് അതിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ യാത്രക്കാരുടെ ഡേറ്റ സമഗ്രമായി പരിശോധിക്കും. ബയോമെട്രിക് ഡാറ്റയിൽ 2019 മുതൽ 2022 വരെ ദുബായിൽ രേഖപ്പെടുത്തിയ വിരലടയാളങ്ങളുടെ എണ്ണം 18,000,000 ആണെന്നും അൽ ഫലാസി കൂട്ടിച്ചേർത്തു.