ലോകം കടങ്ങളുടെ നടുവിലെന്നു ലോക ബാങ്ക്. സമ്പദ് വ്യവസ്ഥളിൽ കടക്കെണിയുടെ അഞ്ചാം തരംഗം ശക്തിപ്രാപിക്കുന്നതായി ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് വ്യക്തമാക്കി. ദുരിതത്തിലായ രാജ്യങ്ങൾക്ക് കൂടുതൽ പിന്തുണ നൽകേണ്ട സമയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2022 ൽ മാത്രം ഉഭയകക്ഷി, സ്വകാര്യ കട സേവനങ്ങളിൽ നിന്നുള്ള സേവന പോയ്‌മെന്റുകളുടെ കുടിശിക ഏകദേശം 44 ബില്യൺ ഡോളറാണെന്നു അദ്ദേഹം പറഞ്ഞു.
പെരുകുന്ന കടത്തിനൊപ്പം അദ്ദേഹം വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങളിലും ആശങ്കയറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ ലോകം ഇപ്പോൾ കടങ്ങളുടെ കാര്യത്തിൽ അഞ്ചാമത് പ്രതിസന്ധി തരംഗമാണ് നേരിടുന്നതെന്നു വ്യക്തമാക്കുന്നതാണെന്നും മാൽപസ് പറഞ്ഞു. ഇന്ത്യയെ കുറിച്ച് അദ്ദേഹം നടത്തിയ ചില പരാമർശങ്ങളും ശ്രദ്ധേയമാണ്. ഡിജിറ്റലൈസേഷൻ മേഖലയിൽ ഇന്ത്യ ശക്തി പ്രാപിക്കുകയും, നെറ്റ്‌വർക്ക് വിപുലീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മറ്റ് വികസ്വര രാജ്യങ്ങളെപ്പോലെ ഇന്ത്യയും വർധിച്ചുവരുന്ന പലിശനിരക്കിലും, പണപ്പെരുപ്പത്തിലും ദുരിതമനുഭവിക്കുന്നു. അടുത്തിടെ കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുണ്ടായ പ്രളയങ്ങളും ഇതിനു കാരണമാണ്.
അതേസമയം കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യയ്ക്കു സാമൂഹിക സുരക്ഷാ വല വിപുലീകരിക്കാൻ സാധിച്ചു. ഇന്ത്യയിലെ പാവപ്പെട്ടവരുടെ കൈയിൽ മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പണമുണ്ടെന്ന് ലോകബാങ്കിന്റെ സമീപകാല ദാരിദ്ര്യ റിപ്പോർട്ടിൽ നിന്നു വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു വായ്പാ ദാതാവ് എന്ന നിലയിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തുന്നുണ്ട്. ശ്രീലങ്കിലും, കടക്കെണിയിൽ നട്ടം തിരിയുന്ന ചില ആഫ്രിക്കൻ രാജ്യങ്ങൾക്കും ഇന്ത്യ നൽകുന്ന സാമ്പത്തികവും, അല്ലാത്തതുമായ സഹായങ്ങൾ വലുതാണ്. അതിനാൽ തന്നെ ജി- 20യുടെ അധ്യക്ഷനെന്ന നിലയിൽ ഇന്ത്യയ്ക്ക് വലിയ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കടങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നല്ല ധാരണയുണ്ടെന്ന് അദ്ദേഹവുമായുള്ള ചർച്ചകളിൽ നിന്നു വ്യക്തമാണെന്നും മാൽപ്‌സ് പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്നോട്ടു നീങ്ങുകയാണ്. ലോകത്ത് വിദ്യാഭ്യാസ ദാരിദ്ര്യം വർധിച്ചു വരുന്നതായാണ് റിപ്പോർട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസ്വര രാജ്യങ്ങളിലെ 70 ശതമാനം കുട്ടികൾക്കും അടിസ്ഥാന വദ്യാഭ്യാസം തന്നെ അന്യമാകുന്നു. ജി 20 ആതിഥേയ സ്ഥാനത്തേയ്ക്കുള്ള ഇന്ത്യയുടെ കടന്നുവരവ് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിവയ്ക്കാൻ പ്രാപ്തമാണെന്നും മാൽപസ് പറഞ്ഞു.
ജി 20 യിൽ കാലാവസ്ഥ തീർച്ചയായും ഒരു പ്രധാന ചർച്ചയായിരിക്കും. ഹരിതഗൃഹ വാതക ഉദ്വമനം എങ്ങനെ കുറയ്ക്കാമെന്നതിലുള്ള ലോകബാങ്കിന്റെ ശ്രദ്ധ തുടരും. വികസിത രാജ്യങ്ങൾക്കും, വികസ്വര രാജ്യങ്ങൾക്കും ഇക്കാര്യങ്ങൾ വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങൾ കാർബൺ പുറന്തള്ളൽ നിരക്ക് കുറയ്ക്കുന്നതിനു സ്വന്തം നിലയിൽ ലക്ഷ്യങ്ങർ പ്രഖ്യാപിക്കുന്ന സമയത്താണ് ലോകബാങ്കിന്റെ ഈ വിഷയത്തിലെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.