രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കണമെങ്കിൽ 13.52 ലക്ഷം കോടിയുടെ നിക്ഷേപം വർഷം തോറും വേണമെന്ന് റിപ്പോർട്ട്

0
172

രാജ്യത്തെ തൊഴിലില്ലായ്മയ്ക്കു പൂർണതോതിൽ പരിഹാരം കാണണമെങ്കിൽ പ്രതിവർഷം 13.52 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണെന്നു റിപ്പോർട്ട്. ഇത് നിലവിലെ ഇന്ത്യയുടെ ജിഡിപിയുടെ അഞ്ചു ശതമാനം വരും. രാജ്യത്തെ ജനങ്ങൾക്ക് പൂർണമായ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള ‘Right to Work’ നിയമനിർമ്മാണത്തിന് ഇത് അനിവാര്യമാണെന്നും പീപ്പിൾസ് കമ്മീഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് അൺഎംപ്ലോയ്‌മെന്റ് നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

രാജ്യത്തെ തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ചു പീപ്പിൾസ് കമ്മീഷൻ ദേശ് ബചാവോ അഭിയാൻ പ്രസീദ്ധീകരിച്ച ‘റൈറ്റ് ടു വർക്ക്: ഫീസിബിൾ ആൻഡ് ഇൻഡിസ്‌പെൻസബിൾ ഫോർ ഇന്ത്യ ടു ബി എ ട്രൂലി സിവിലൈസ്ഡ് ആൻഡ് ഡെമോക്രാറ്റിക് നേഷൻ’ എന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്. പൗരന്മാർക്ക് മാന്യമായ ഉപജീവനമാർഗം ഉറപ്പാക്കാൻ തൊഴിൽ ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതിനു നിയമ നിർവ്വഹണം ആവശ്യമാണെന്നും പഠനം പറയുന്നു.

നിയമപരവും സാമൂഹിക- രാഷ്ട്രീയവും സാമ്പത്തികവുമായ വശങ്ങളിൽ സമൂലമായ മാറ്റങ്ങൾ ആവശ്യമായതിനാൽ ചെറിയ സമീപനങ്ങളിലൂടെ പൂർണ തൊഴിൽ സാധ്യമല്ലെന്നും പഠനം പറയുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തേക്ക് നിലവിലെ ചെലവ് പ്രതിവർഷം ജിഡിപിയുടെ 1 ശതമാനം വർധിപ്പിക്കാൻ ശ്രമിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 21.8 കോടി ആളുകൾക്ക് ഉടനടി ജോലി ആവശ്യമാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ എംജിഎൻആർഇജിഎയിൽ നിന്ന് പ്രയോജനം നേടുന്ന വ്യക്തികളെ ഒഴിവാക്കിയ ശേഷമുള്ള കണക്കാണിത്. നിലവിൽ 30.4 കോടി തൊഴിലാളികൾക്ക് രാജ്യത്ത് ശരിയായ ജോലിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

തൊഴിലവസരങ്ങൾ വർദ്ധിക്കുന്നത് ഉൽപ്പാദനത്തിലും, ഡിമാൻഡിലും വൻ വർധനയ്ക്കു വഴിവയ്ക്കും. ഇതു രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്കു കാരണമാകും. സമ്പൂർണ തൊഴിൽ നേടുന്നതിനുള്ള വിഭവങ്ങൾ കുറവാണെന്ന വാദം പൊള്ളയാണ്. അന്താരാഷ്ട്ര ധനമൂലധനം അടിച്ചേൽപ്പിക്കുന്ന നിലവിലെ വ്യവസ്ഥയ്ക്ക് പകരം ഒരു ബദൽ ഇന്ത്യയിൽ രൂപപ്പെടുത്തിയാൽ, അത് മറ്റ് വികസ്വര രാജ്യങ്ങൾക്കും പിന്തുടരാൻ കഴിയുന്ന ഒരു മാതൃകയായിരിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

സമ്പൂർണ തൊഴിലിലേക്ക് നീങ്ങുന്നതിലൂടെ കൂടുതൽ പരിഷ്‌കൃതവും ജനാധിപത്യപരവുമായ ഒരു സമൂഹം കൈവരിക്കാൻ കഴിയുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കമ്പോളങ്ങൾ പൂർണമായ തൊഴിൽ ഉറപ്പുനൽകുന്നില്ല. തൊഴിൽ ശക്തി കുറച്ച് അതിൽ നിന്നു നേട്ടം കാണാൻ പലരും ആഗ്രഹിക്കുന്നതിന്റെ പരിണിത ഫലമാണ് തൊഴിലില്ലായ്മ. തൊഴിലുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ചൂക്ഷണങ്ങൾക്കു വഴിവയ്ക്കുമെന്നതാണ് യാഥാർത്ഥ്യം. വികസിത രാജ്യങ്ങളിലെ പുതിയ സാങ്കേതികവിദ്യകൾ അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്, എന്നാൽ ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന് അത് നല്ലതല്ലെന്നും റിപ്പോർട്ടിൽ വിലയിരുത്തലുണ്ട്.

ഉയർന്ന സാങ്കേതികവിദ്യ ഒരു കമ്പനിയുടെ ലാഭം വർധിപ്പിക്കുന്ന ഘടകമാണ്. എന്നാൽ സാങ്കേതിക വിദ്യ കൂടുതൽ ഉപയോഗിച്ചാൽ തൊഴിലുകൾ കുറയും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് നിലവിൽ തൊഴിലാണ് ആവശ്യം. അതിനാൽ സാങ്കേതികവിദ്യ അമിതമായി ഇറക്കുമതി ചെയ്യുകയും, തൊഴിലവസരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നവരിൽ നിന്നു തൊഴിൽ എണ്ണം വർധിപ്പിക്കുന്നതിനായി പ്രത്യേകം നികുതി ചുമത്തണമെന്നും റിപ്പോർട്ട് പറയുന്നു.