അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ; അണ്ടർ 17 വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

0
100

അന്താരാഷ്ട്ര ഫുട്ബോൾ മാമാങ്കത്തിന് വീണ്ടും വേദിയായി ഇന്ത്യ. 17 വയസിന് താഴെയുളള പെൺകുട്ടികളുടെ ലോകകപ്പാണ് ഇന്ന് ആരംഭിക്കുന്നത്. ആതിഥേയരായ നമ്മൾ ഇന്ന് അമേരിക്കയെയാണ് നേരിടുന്നത്.

കാത്തിരിപ്പിനും അനിശ്ചിതത്വങ്ങൾക്കുമോടുവിലാണ് രാജ്യത്ത് വീണ്ടും കാൽപ്പന്താരവം വരുന്നത്. കൊവിഡ് പ്രതിസന്ധിയും, ഫിഫയുടെ വിലക്കും മറികടന്നാണ് ഇന്ന് അണ്ട‍ർ 17 വനിതകളുടെ ലോകകപ്പിൽ പന്തുരുളുന്നത്. 16 ടീമുകൾ മൂന്ന് വേദികളിലായി ലോകകിരീടത്തിനായി മത്സരിക്കും.

ബ്രസീലും അമേരിക്കയും അടങ്ങുന്ന ​ഗ്രൂപ്പിലാണ് ഇന്ത്യയുളളത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ വൈകീട്ട് 4.30ന് ബ്രസീൽ മോറോക്കോയെ നേരിടും. ഇതേ സമയത്ത് തന്നെ ന്യൂസീലൻഡ് ചിലയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം രാത്രി 8 മണിക്ക് കരുത്തരായ അമേരിക്കയ്ക്കെതിരെയാണ്.

ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ലോകകപ്പിൽ പന്ത് തട്ടുന്നത്. ഇന്ത്യ അടങ്ങുന്ന ​ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ ഓഡീഷയിലെ കലിംങ്ക സ്റ്റേഡിയത്തിലും, ​ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ​ഗോവ ഫട്ടോ‍‍‍ർഡ സ്റ്റേഡിയത്തിലും, ​ഗ്രൂപ്പ് സി യിലെ മത്സരങ്ങൾ മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നടക്കും. ഓക്ടോബ‍‍‍‍‍‍ർ 30ന് മുംബൈയിലാണ് ഫൈനൽ.