കർണാടകത്തിൽ ബിജെപി നേതാവ് 16 ദളിത്‌ തൊഴിലാളികളെ പൂട്ടിയിട്ട്‌ പീഡിപ്പിച്ചു

0
111

കർണാടകത്തിൽ ദളിത്‌ തൊഴിലാളികളെ ദിവസങ്ങളോളം പൂട്ടിയിട്ട്‌ പീഡിപ്പിച്ച്‌ ബിജെപി നേതാവ്. പൂട്ടിയിട്ട്‌ ആക്രമിച്ചതിനെത്തുടർന്ന്‌ യുവതിയുടെ ഗർഭം അലസി. ചിക്‌മഗളൂരുവിലെ ബിജെപി നേതാവായ ജഗദീഷ ഗൗഡയാണ്‌ തന്റെ കാപ്പിത്തോട്ടത്തിൽ 16 പേരെ 15 ദിവസം പൂട്ടിയിട്ടത്. വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ സംഭവത്തിൽ ദളിത്‌ പീഡന നിരോധന നിയമപ്രകാരം പൊലീസ്‌ കേസെടുത്തു.

ജനുഗദ്ദേ ഗ്രാമത്തിൽ കാപ്പിത്തോട്ടത്തിലെ കൂലിത്തൊഴിലാളികളായിരുന്ന ഇവർ ജഗദീഷിൽനിന്ന്‌ ഒമ്പതു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത്‌ തിരിച്ചടയ്‌ക്കാൻ സാധിക്കാത്തതിനാലാണ്‌ ക്രൂരത. ഇവരെ പൂട്ടിയിട്ടതിനെത്തുടർന്ന്‌ ബന്ധുക്കൾ പരാതി നൽകി. എന്നാല്‍ പിന്നാലെ കേസ് പിന്‍വലിച്ചെന്നാണ് പൊലീസ് ഭാഷ്യം. അടുത്ത ദിവസം അർപ്പിത എന്ന യുവതിയെ ഗർഭം അലസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തടങ്കലിൽവച്ച്‌ ജഗദീഷ ഗൗഡ മര്‍ദ്ദിച്ചെന്ന് അർപ്പിത വെളിപ്പടുത്തി. തുടർന്ന്‌ പരാതിയുമായി ബന്ധുക്കള്‍ വീണ്ടുമെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥൻ സംഭവസ്ഥലം സന്ദർശിച്ചു. ഒരു മുറിയിൽ എട്ട്‌– പത്ത്‌ പേരെയെങ്കിലും പൂട്ടിയിട്ടതായി കണ്ടെത്തി. ഇവരെ വിട്ടയച്ചു. ജഗദീഷ ഗൗഡയുട മകൻ തിലക്‌ ഗൗഡയ്‌ക്ക്‌ എതിരെയും പരാതിയുണ്ട്‌. ഇരുവരും ഒളിവിലാണ്‌.