കേന്ദ്ര നിയമനങ്ങൾ ലഭിക്കാൻ ഹിന്ദി അറിഞ്ഞിരിക്കണം

0
131

 

രാജ്യത്ത്‌ ഹിന്ദി അറിയാത്തവർക്ക്‌ കേന്ദ്രസർക്കാർ ജോലി അന്യമാക്കുന്ന വിവാദ ശുപാർശയുമായി നരേന്ദ്ര മോദി സർക്കാർ. ഹിന്ദി നിർബന്ധമാക്കുകയെന്ന അജൻഡ മുൻനിർത്തി 112 ശുപാർശയടങ്ങിയ റിപ്പോർട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്റിന്റെ ഔദ്യോഗികഭാഷാ സമിതി രാഷ്‌ട്രപതിക്ക് സമർപ്പിച്ചു. കേന്ദ്ര റിക്രൂട്ട്‌മെന്റ്‌ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഹിന്ദിയിൽ മാത്രമാക്കും.

കേന്ദ്രസർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ ഹിന്ദി നിർബന്ധമായി അറിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ചെയ്യും. അതിനായി ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി, പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ വകുപ്പ് മുഖേന വിവിധ റിക്രൂട്ട്‌മെന്റ് ഏജൻസികളുമായി ബന്ധപ്പെടണമെന്നും നിർദേശിക്കുന്നു. ഫലത്തിൽ ഹിന്ദിയിതര സംസ്ഥാനങ്ങളിലെ ഉദ്യോഗാർഥികൾക്ക്‌ അവസരം നിഷേധിക്കപ്പെടും. കേന്ദ്രസർക്കാരിന്റെ എല്ലാ കത്തിടപാടുകളും ഹിന്ദിയിലാക്കും. കേന്ദ്രസർക്കാർ പരിപാടികളുടെ ക്ഷണക്കത്തും പ്രസംഗവും ഹിന്ദിയിലായിരിക്കും. ഓഫീസുകളിലെ കംപ്യൂട്ടറുകൾ ഹിന്ദിയിലേക്ക്‌ മാറ്റും.

ഹിന്ദി ഉപയോഗിക്കാൻ വിമുഖത കാട്ടുന്ന കേന്ദ്ര ജീവനക്കാർക്കെതിരെ തൃപ്‌തികരമായ വിശദീകരണമില്ലെങ്കിൽ നടപടിയെടുക്കും. സന്നദ്ധരാകുന്ന ഉദ്യോഗസ്ഥർക്ക്‌ ഇൻസെന്റീവ്‌ നൽകും.

അധ്യയനവും ഹിന്ദിയിൽ
കേന്ദ്ര സർവകലാശാലകളും സാങ്കേതിക– -ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനത്തിനും മറ്റ്‌ പ്രവർത്തനങ്ങൾക്കും ഭാഷ ഹിന്ദിയാകും. ശുപാർശ നടപ്പായാൽ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് തുടങ്ങിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയം, നവോദയ തുടങ്ങിയ സാങ്കേതിക ഇതര സ്ഥാപനങ്ങളിലും ഹിന്ദി നിർബന്ധമാകും. ഒഴിച്ചുകൂടാനാകാത്തിടത്ത്‌ മാത്രമേ ഇംഗ്ലീഷ്‌ ഉപയോഗിക്കാവു. ഭാവിയിൽ അതും ഹിന്ദിക്ക്‌ വഴിമാറും. പ്രാദേശിക ഭാഷയ്‌ക്ക്‌ പ്രാധാന്യം നൽകണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശത്തിന്‌ കടകവിരുദ്ധമാണ്‌ പുതിയ ശുപാർശ. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ മെഡിക്കൽ പഠനം ഹിന്ദിയിലാക്കാൻ ശുപാർശ ചെയ്‌തിരുന്നു.

സംസ്ഥാനങ്ങൾ ഹിന്ദി പ്രചാരണം ഭരണഘടനാ ബാധ്യതയായി കാണണമെന്നും ശുപാർശയിലുണ്ട്‌. സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഔദ്യോഗികഭാഷാ നയം നടപ്പാക്കുന്നത് അവലോകനം ചെയ്യാൻ പാർലമെന്ററി സമിതിക്ക്‌ അധികാരം നൽകണം. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും എ, ബി വിഭാഗങ്ങളായി തിരിക്കും. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളുടെ നടപടിക്രമം ഹിന്ദിയിലാകണം. മറ്റ്‌ എല്ലാ ഹൈക്കോടതികളിലും ഹിന്ദി പരിഭാഷ വേണം. ഐക്യരാഷ്‌ട്ര സംഘടനയിൽ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ പരിഗണിക്കും. പത്ര–-മാധ്യമങ്ങൾക്ക്‌ നൽകുന്ന പരസ്യത്തിന്റെ അമ്പത്‌ ശതമാനം ഹിന്ദിയിലാക്കും.

വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽ ഇംഗ്ലീഷിനുപകരം ഹിന്ദിയിൽ സംസാരിക്കണമെന്ന്‌ മുമ്പ്‌ അമിത്‌ ഷാ പ്രതികരിച്ചിരുന്നു. ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ വലിയ പ്രതിഷേധമുയർന്നതോടെ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്ന്‌ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.