103-ാം ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി

0
23

സംവരണത്തിനുപകരം സ്കോളർഷിപ്പുകളും ഫീസ് ഇളവുകളും നൽകുന്നതുപോലുള്ള സ്ഥിരീകരണ നടപടികളിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ (ഇഡബ്ല്യുഎസ്) പ്രശ്നങ്ങൾ പരിഹരിക്കാനാകുമോയെന്ന് സുപ്രീം കോടതി.

“മറ്റ് സംവരണത്തേക്കുറിച്ച് പറയുമ്പോള്‍ അത് വംശപരമ്പരയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ പിന്നോക്കാവസ്ഥ താത്കാലികമല്ല, നൂറ്റാണ്ടുകളിലേക്കും തലമുറകളിലേക്കും കടന്നുപോകുന്ന ഒന്നാണ്. എന്നാൽ സാമ്പത്തിക പിന്നാക്കാവസ്ഥ താത്കാലികമാകാം,” സർക്കാർ ജോലികളിലും പ്രവേശനങ്ങളിലും ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയ ഭരണഘടനയുടെ 103-ാം ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

സംവരണം നൽകുന്നതിനുള്ള മാനദണ്ഡമായി സാമ്പത്തിക സാഹചര്യം പരിഗണിക്കുന്നത് ഭരണഘടനാപരമായി നിലനില്‍ക്കുന്ന ഒന്നണെന്ന് ചൂണ്ടിക്കാട്ടി ഇഡബ്ല്യുഎസ് വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷക വിഭ മഖിജയുടെ സബ്മിഷനുകളോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

സംവരണം നൽകുന്നതിനുള്ള ഏക മാനദണ്ഡം ജാതിയായി തുടരുന്ന ഒരു സാഹചര്യം ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ ഒരിക്കലും വിഭാവനം ചെയ്തിട്ടില്ലെന്ന് മഖിജ പറഞ്ഞു. ഭരണഘടനയുടെ പരിവർത്തന സ്വഭാവം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു മഖിജയുടെ വാക്കുകള്‍.

കൃത്യമായി നിർവചിക്കപ്പെട്ട മാർഗനിർദ്ദേശങ്ങളൊന്നും ഇല്ലാത്തതിനാൽ ഇഡബ്ല്യുഎസ് വിഭാഗത്തിന്റെ “അനിശ്ചിതത്വ”ത്തെക്കുറിച്ച് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി, ജെ ബി പർദിവാല എന്നിവരടങ്ങുന്ന ബഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.

“അനിശ്ചിതത്വമുണ്ട്… നിങ്ങൾ അതിനെ ഫ്ലെക്സിബിലിറ്റി എന്ന് വിളിക്കുന്നു, പക്ഷേ അത് അനിശ്ചിതത്വമാണ്,” ഭേദഗതിയെ ന്യായീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസ് ഭട്ട് പറഞ്ഞു.

സാമൂഹിക പിന്നാക്കാവസ്ഥയും ഭരണഘടനയിൽ നിർവചിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു.

ഇ‍ഡബ്ല്യുഎസിന്റെ കാര്യത്തിൽ, “നിങ്ങൾ ഒരു അജ്ഞാത കടലിലാണ്” എന്നായിരുന്നു ജസ്റ്റിസ് ഭട്ടിന്റെ വാക്കുകള്‍. ഇഡബ്ല്യുഎസ് രൂപീകരിക്കുന്നതിനെക്കുറിച്ച് “ശാസ്ത്രീയ മാർഗനിർദേശങ്ങള്‍ ഇല്ലെന്ന് ജസ്റ്റിസ് മഹേശ്വരിയും ചൂണ്ടിക്കാട്ടി.

കമ്മീഷൻ രൂപീകരിച്ച് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു മേത്തയുടെ മറുപടി. സര്‍ക്കാരിന് കമ്മിഷന്‍ രൂപീകരിക്കാവുന്നതാണ്. കമ്മിഷന്‍ രൂപീകരിക്കാതെ സംസ്ഥാനങ്ങല്‍ ഇഡബ്ല്യുഎസ് നടപ്പിലാക്കുകയാണെങ്കില്‍ അതിനെ ചോദ്യം ചെയ്യാവുന്നതാണ്. മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അഭാവം ഭേദഗതിയെ ചോദ്യം ചെയ്യുന്നചിനുള്ള അടിസ്ഥാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ദാരിദ്ര്യം അല്ലെങ്കിൽ സാമ്പത്തികമായി പിന്നാക്കം നിക്കുന്ന അവസ്ഥ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്, അതിന് സാമൂഹികവും വിദ്യാഭ്യാസപരവുമായ ഘടകങ്ങളുമായി അടുത്ത ബന്ധമുണ്ട്. സാമൂഹിക പിന്നാക്കാവസ്ഥയുടെ ഏക അടിസ്ഥാനം ജാതി മാത്രമല്ല. മറ്റ് സാമൂഹിക-സാമ്പത്തിക സൂചകങ്ങളിൽ ഭരണഘടനാപരമായി വികൃതമാണെന്ന് പറയാനാവില്ല. ജാതി എന്നത് ശ്രദ്ധേയമായ ഒരു യാഥാർത്ഥ്യമാണെങ്കിലും, അത് സമൂഹത്തിന്റെ നിലനിൽപ്പിന്റെ ഏക സൂചകമല്ല,” മേത്ത വ്യക്തമാക്കി.