കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആസൂത്രി നീക്കവുമായി സി ബി ഐ. ‘ഓപ്പറേഷന്‍ മേഘചക്ര’ എന്ന പേരില്‍ രാജ്യത്തുടനീളം 56 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.
രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണു റെയ്ഡ് നടന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ക്ലൗഡ് സ്റ്റോറേജ് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയായിരുന്നു റെയഡ്. ഇന്റര്‍പോള്‍ സിംഗപ്പൂരില്‍നിന്നും കഴിഞ്ഞ വര്‍ഷത്തെ ‘ഓപ്പറേഷന്‍ കാര്‍ബണി’ല്‍ ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഇന്റര്‍പോളിന്റെ ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി ബി ഐ ഇന്നു രാവിലെയാണു രാജ്യവ്യാപക റെയ്ഡ് ആരംഭിച്ചത്. സൈബര്‍ ക്രൈം യൂണിറ്റ് സ്ഥാപിക്കുന്ന ആദ്യത്തെ ഏജന്‍സിയാണ് സി ബി ഐ.
സമാനമായരീതിയില്‍ ‘ഓപ്പറേഷന്‍ കാര്‍ബണ്‍’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ സി ബി ഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. അന്ന് 76 കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ 83 പേരെയാണ് അറസ്റ്റ് ചെയ്തത്.