രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ ഹബ്ബായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകും: മുഖ്യമന്ത്രി

0
40

രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ ഹബ്ബായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ്‌ സർക്കാരെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി ഇൻഫോപാർക്കിൽ ഐബിഎം സോഫ്റ്റ്‌വെയർലാബ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഐബിഎം സോഫ്റ്റ്‌വെയർ ലാബ് സ്ഥാപിക്കാൻ കൊച്ചി ഇൻഫോപാർക്ക് തെരഞ്ഞെടുത്തത് ആഘോഷിക്കേണ്ടതാണ്‌. കേരളത്തിലെ ഐടി ഹബ്ബുകൾക്ക് ഹരിതാഭമായ ഐടി ഇടങ്ങൾ, ഐടി പ്രൊഫഷണലുകളുടെ ഒരു ടാലന്റ് പൂൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രം, രാജ്യത്തിന്റെ അടുത്ത ഡിജിറ്റൽ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തിക കുതിപ്പ് എന്നിവ ഈ നിക്ഷേപം ഒരിക്കൽ കൂടി കാണിക്കുന്നു. നിക്ഷേപം സാധ്യമാക്കാൻ ഒരുവർഷമായി ഐബിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിവേഗം വളരുന്ന സാങ്കേതിക മേഖലയ്ക്ക് കൂടുതൽ ഊർജമേകി ഇത് സംഭവിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, വ്യവസായ മന്ത്രി പി രാജീവ് എന്നിവരും പങ്കെടുത്തു.

ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഐബിഎമ്മിന്റെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഐടി മിഷൻ ഡയറക്ടർ സ്നേഹിൽ കുമാർ സിങ്‌, ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ വി ഖേൽക്കർ, ഐബിഎം ഇന്ത്യ പ്രോഗ്രാം ഡയറക്ടർ ആൻഡ് ട്രാൻസ്ഫോർമേഷൻ ലീഡ് ഹർപ്രീത് സിങ്‌, ഐബിഎം വൈസ് പ്രസിഡന്റ് ഗൗരവ് ശർമ്മ, സന്ദീപ് പാട്ടീൽ, ദിനേശ് നിർമൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദിനേശ് നിർമ്മൽ ഐ ബി എമ്മിന്റെ ഉപഹാരം മുഖ്യമന്ത്രിക്കുകൈമാറി.

ആഗോള വ്യവസായങ്ങൾക്ക് കരുത്താകും

പ്രൊഡക്ട് എൻജിനീയറിങ്, ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിലെ പുതിയ ഉൽപ്പന്നങ്ങളുടെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാകും കൊച്ചി ഇൻഫോപാർക്കിലെ ഐബിഎം സോഫ്റ്റ്‌വെയർ ലാബിന്റെ പ്രവർത്തനം. സർഗാത്മകതയും പുതുമകളും ചേർത്ത് മികച്ച രീതിയിലാണ്‌ ഇന്നവേഷൻ സെന്റർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്‌.

ആഗോള വ്യവസായങ്ങൾക്ക് മുന്നോറ്റത്തിനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനായി സ്ഥാപനങ്ങളുടെ സാങ്കേതിക വിഭാഗങ്ങളുമായി സെന്റർ സഹകരിക്കും. രാജ്യത്തെ ആറാമത്തെ ഐബിഎം ഇന്ത്യ സോഫറ്റ്‌വെയർ ലാബാണു കൊച്ചിയിലേത്. അഞ്ചാമത്തേതു അഹമ്മദാബാദിലെ ഗുജറാത്ത് ഗിഫ്റ്റ് സിറ്റിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, പൂണെ എന്നിവിടങ്ങളിലും ലാബ് പ്രവർത്തിക്കുന്നു.