പശ്ചിമബംഗാളിൽ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം

0
85

പശ്ചിമബംഗാളിൽ ബിജെപി സംഘടിപ്പിച്ച മെഗാ സെക്രട്ടേറിയേറ്റ് മാർച്ചിൽ വ്യാപക സംഘർഷം. കൊൽക്കത്ത നഗരത്തിൽനിന്നും തുടങ്ങിയ മാർച്ചിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബാരിക്കേഡ് മറികടന്ന് പോകാൻ ശ്രമിച്ച സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാർ പൊലീസ് ജീപ്പിന് തീയിട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

മാർച്ചിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കം നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊൽക്കത്തയിലേക്ക് വരുന്ന പ്രവർത്തകരെപോലും ബംഗാൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്നും, മമത ആരെയാണ് പേടിക്കുന്നതെന്നും ബിജെപി നേതാക്കൾ ചോദിച്ചു. പൊലീസിനെതിരെ കല്ലെറിയുന്നത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ബിജെപി കുറ്റപ്പെടുത്തി.

അഴിമതി കേസിൽ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മമത ബാനർജി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി നബ്ബന ചലോ എന്ന പേരിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽനിന്നും കൊൽക്കത്തയിലെത്തിയ ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. അഴിമതി കേസിൽ വിവിധ മന്ത്രിമാർ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ബിജെപി നബ്ബന ചലോ എന്ന പേരിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നത്.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി അംഗങ്ങളേയും അനുഭാവികളേയും കൊണ്ടുവരാൻ ബിജെപി ഏഴ് ട്രെയിനുകളാണ് വാടകക്കെടുത്തത്. ബിജെപി പ്രവർത്തകരെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ തൃണമൂൽ ഭരണകൂടം ശ്രമിക്കുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി. ട്രെയിനുകൾ വാടകയ്‌ക്കെടുക്കുന്നതിന് ബിജെപി 2.84 കോടി രൂപ ചെലവാക്കിയെന്ന് തൃണമൂൽ കോൺ​ഗ്രസ് ആരോപിച്ചു. ട്രെയിനിൽ ബിജെപിക്ക് അയ്യായിരത്തിലധികം ആളുകളെ കൊണ്ടുവരാനാകില്ലെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളിൽ നിന്നാണ് ബിജെപി പണം വാങ്ങുന്നതെന്നും തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.