ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള

0
124

ചരിത്ര പ്രസിദ്ധമായ ഉതൃട്ടാതി ജലോത്സവത്തിനൊരുങ്ങി ആറന്മുള. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 50 പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ അണിനിരക്കും. ഫിനിഷിംഗ് പോയിന്റായ സത്രകടവിൽ നിന്നും നിക്ഷേപ മാലിയിലേക്കാണ് ഘോഷയാത്ര. നാല് വീതം പള്ളിയോടങ്ങൾ വള്ളപ്പാട്ട് പാടി തുഴഞ്ഞ്‌നീങ്ങുന്ന രീതിയിലാണ് ക്രമീകരണം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ജലഘോഷയാത്ര.

രാവിലെ 10 ന് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്അയ്യർ പതാക ഉയർത്തുന്നതോടെ ജലമേളയുടെ ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കം കുറിക്കും. കേന്ദ്ര ടൂറിസം വകുപ്പുമന്ത്രി ജി കിഷൻ റെഡ്ഡി മുഖ്യാതിഥിയാകും. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ചടങ്ങിൽ പ്രത്യേക അതിഥിയായി ചടങ്ങിനെത്തും. മത്സരവള്ളംകളി സംസ്ഥാന ടൂറിസം- പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രണ്ട് മണിക്കാണ് വള്ളംകളി. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി പ്രതീകാത്മകമായാണ് ജലോത്സവം നടത്തിയിരുന്നത്. ഇത്തവണ വേഗം കൂടി അടിസ്ഥാനമാക്കിയുള്ള മത്സരം ഉൾപ്പെടെ ഉൾക്കൊള്ളിച്ച് വിപുലമായി നടത്താനാണ് നീക്കം.

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതി നാളിലാണ് പമ്പാനദിയിൽ ജലമേള നടക്കുന്നത്. സംസ്‌കാരത്തിന്റെയും കായിക മികവിന്റെയും കാഴ്ചയുടെയും പൂരമായ ജലമേള നിയന്ത്രണങ്ങളില്ലാതെ ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും.എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ 34 ഉം ബി ബാച്ചിൽ 16 ഉം ചേർന്ന് 50 പള്ളിയോടങ്ങളാണ് ഇക്കുറി വള്ളംകളിയിൽ മത്സരിക്കുക. കാട്ടൂർ, കടപ്ര എന്നീ പള്ളിയോടങ്ങൾ പുനർനിർമ്മാണത്തിലായതിനാൽ ഇത്തവണ പങ്കെടുക്കുന്നില്ല. ആറന്മുളയുടെ തനതായ ശൈലിയിൽ വഞ്ചിപ്പാട്ട് പാടി തുഴയുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ജലരാജക്കന്മാർ പമ്പയുടെ ഓളങ്ങളെ കീറി മുറിച്ച് ആടിയുലഞ്ഞെത്തുന്നതിന് സാക്ഷിയാകാൻ ആയിരങ്ങൾ ഇരു കരകളിലും തടിച്ചുകൂടും. മഴ ആവേശം കെടുത്തുമോയെന്ന ആശങ്ക മാത്രമാണ് ബാക്കി.

മത്സര വള്ളംകളിയിൽ വിജയിക്കുന്ന എ, ബി ബാച്ച് പള്ളിയോടങ്ങൾക്ക് എൻഎസ്എസ് നൽകുന്ന മന്നം ട്രോഫി ലഭിക്കും. കൂടാതെ അൻപതിനായിരം രൂപ വീതം ക്യാഷ് പ്രൈസും വിജയികൾക്ക് ലഭിക്കും. ആറാട്ടുപുഴ സാരഥി ഗ്രൂപ്പ് ഉടമ കെ. എസ്. മോഹനൻ പിള്ളയാണ് സമ്മാനതുക സ്‌പോൺസർ ചെയ്യുന്നത്. മന്നം ട്രോഫിക്ക് പുറമേ ചമയം, വിവിധസ്ഥാനങ്ങൾ, ലൂസേഴ്‌സ് ഫൈനൽ എന്നിവ ഉൾപ്പെടെ 24 ട്രോഫികൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തവണത്തെ രാമപുരത്ത് വാര്യർ പുരസ്‌കാരം അന്തരിച്ച കവയത്രി സുഗതകുമാരിക്ക് മരണാനന്തര വിശിഷ്ട പുരസ്‌കാരമായി നൽകും. 10,001 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനമായി നൽകുക.

വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങ് സംസ്ഥാനധനകാര്യമന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിക്കും. തിരുവല്ലശ്രീരാമകൃഷ്ണാശ്രമം മഠാധിപതി നിർവിണ്ണാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണംനടത്തും. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പള്ളിയോടശിൽപികളെ ആദരിക്കും. രാമപുരത്ത് വാര്യർ പുരസ്‌കാരം സംസ്ഥാന സാംസ്‌കാരികമന്ത്രി വി. എൻ. വാസവൻ സമ്മാനിക്കും. പള്ളിയോട സേവാസംഘത്തിന്റെ കാർഷിക പദ്ധതികളുടെ പ്രഖ്യാപനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നടത്തും. ആന്റോ ആന്റണി എംപി പാഞ്ചജന്യം സുവനീർ പ്രകാശനം നിർവഹിക്കും.

നദിയിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ പോലീസിന്റെയും ഫയർആന്റ് റെസ്‌ക്യുവിന്റേയും പള്ളിയോട സേവാസംഘം ഏർപ്പാട് ചെയ്ത പത്ത് ടഗ്‌ബോട്ടുകളുടേയും സുരക്ഷയിലാണ് വള്ളം കളി നടക്കുന്നത്. പമ്പയുടെ ജലവിതാനം കുറയുന്നപക്ഷം മണിയാർ ഡാമിൽ നിന്നും ജലം തുറന്ന് വിട്ട് പി ഐ പി ജലനിരപ്പ് ക്രമീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.വള്ളംകളിക്കുള്ള എല്ലാ ഒരുക്കങ്ങൾ പൂർത്തിയായതായി പളളിയോടസേവാ സംഘം ഭാരവാഹികൾ അറിയിച്ചു. ജലോത്സവ ദിവസം 619 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കും. 50 ഉദ്യോഗസ്ഥരെയും മൂന്ന് സ്‌കൂ ബാ ടീമിനെയും ഫയർ ഫോഴ്‌സ് വിന്യസിക്കും. ആംബലുൻസ് , മെഡിക്കൽ ടീമക്കമുള്ള സംവിധാനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഒരുക്കും.